International
പ്രധാന നയങ്ങളില്‍ നിങ്ങള്‍ പരാജയപ്പെട്ടു; ഋഷി സുനകിനെതിരെ സുയല്ല ബ്രേവര്‍മാന്‍
തിങ്കളാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെയാണ് സുയല്ലയെ യുകെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് ഋഷി സുനക് പുറത്താക്കിയത്.
ലണ്ടന്‍|ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ലമെന്റ് അംഗം സുയല്ല ബ്രേവര്‍മാന്‍. രാജ്യത്തിന്റെ പ്രധാന നയങ്ങളില്‍ നിന്ന് വ്യക്തമായും ആവര്‍ത്തിച്ചും നിങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഋഷി സുനകിന് എഴുതിയ കത്തില്‍ ബ്രേവര്‍മാന്‍ പറഞ്ഞു.
നിയമവിരുദ്ധ കുടിയേറ്റം കുറയ്ക്കുക, ചെറിയ ബോട്ടുകള്‍ കടക്കുന്നത് തടയുക, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പ്രോട്ടോക്കോള്‍, ഒരു വര്‍ഷം മുമ്പുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മ്മാണം നിലനിര്‍ത്തുക, ബയോളജിക്കല്‍ സെക്സ് സംരക്ഷിക്കുന്നതിനുള്ള നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നിവയായിരുന്നു നല്‍കിയ മുന്‍ഗണനകള്‍. എന്നാല്‍ ഈ പ്രധാന നയങ്ങളില്‍ ഓരോന്നും നടപ്പിലാക്കുന്നതില്‍ പ്രത്യക്ഷമായും ആവര്‍ത്തിച്ചും ഋഷി സുനക് പരാജയപ്പെട്ടുവെന്ന് സുയല്ല പറഞ്ഞു. ഋഷി സുനക് ഉടമ്പടി ലംഘിച്ചെന്നും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും സുയല്ല കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെയാണ് സുയല്ലയെ യുകെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് ഋഷി സുനക് പുറത്താക്കിയത്. മുന്‍ വിദേശകാര്യ സെക്രട്ടറി ജെയിംസാണ് ഇപ്പോള്‍ ആ ചുമതല വഹിക്കുന്നത്.