Connect with us

സ്മൃതി

നിനവായ് തുടരണം കനവ്

സമൂഹത്തിന്റെ നിരന്തരമായ അവഗണനകൾക്ക്‌ വിധേയമാക്കപ്പെട്ട്‌ വേരറ്റ്‌ പോകുമായിരുന്ന ജനതയെ കൈ പിടിച്ചുയർത്തി എന്നതിന്‌ പുറമെ വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ കൊടിയ യാതനകളിലേക്കും വേദനകളിലേക്കും മലയാളികളുടെ ശ്രദ്ധക്ഷണിക്കൽ കൂടിയായിരുന്ന കെ ജെ ബേബിയുടെ ജീവിതം.

Published

|

Last Updated

ഠനമെന്നത്‌ ജോലി നേടാൻ മാത്രമാണെന്ന പൊതുബോധത്തെ തച്ചുടയ്ക്കുന്ന ക്രിയാത്മക പ്രതികരണത്തിന്റെ വക്താവെന്ന്‌ ഒറ്റവാക്കിൽ പറയാവുന്ന പ്രതിഭയായിരുന്നു കെ ജെ ബേബി. നിരന്തരമായി ഊർജം പ്രവഹിപ്പിച്ചുകൊണ്ടിരുന്നൊരാൾ. പാട്ടും താളവും മറ്റുള്ളവരുടെ ജീവിതത്തിലേക്കും കലർത്തി അവരുടെ അതിജീവനത്തെ മനോഹരമാക്കിയ മനുഷ്യൻ. പക്ഷേ, എന്തുകൊണ്ടാവും കനവിന്‌ സജീവത രണ്ടായിരത്തിന്‌ ശേഷം കുറഞ്ഞതെന്ന അന്വേഷണം ഗൗരവത്തിലുണ്ടായില്ല. അതാണ്‌ കെ ജെ ബേബിയെ നിരാശപ്പെടുത്തിയിട്ടുണ്ടാവുക. അതിന്‌ മുമ്പ്‌ കേരളത്തിന്‌ പരിചയമില്ലാതിരുന്ന ഒരു സമാന്തര പഠന പരിപാടി മുന്നോട്ട്‌ വെച്ചിട്ടും അതിനെ അർഹിക്കുന്ന പരിഗണനയിലേക്ക്‌ മലയാളീ സമൂഹം ഏറ്റെടുത്തോ എന്ന ചോദ്യം ഈ ഘട്ടത്തിൽ തീർച്ചയായും അവശേഷിക്കുന്നുണ്ട്‌.

ദുഃഖച്ഛായയുള്ള ബാവുൽ സംഗീതം ആലപിച്ചുകൊണ്ട്‌ അച്ഛനെ യാത്രയാക്കുന്ന മകൾ. ഏതച്ഛന്‌ കിട്ടിയിട്ടുണ്ട് ഈ സൗഭാഗ്യം. ഇത്‌ അർഹതയുടെയും പരിഗണനയുടെയും കൊടുക്കൽ വാങ്ങൽ കൂടിയാണ്‌. ഗോത്രജനതയുടെ കുട്ടികൾക്കൊപ്പം സ്വന്തം മക്കളേയും വളർത്തിയ മനുഷ്യന്‌ ലഭിക്കുന്ന അന്ത്യാഭിവാദനം.

സമൂഹത്തിന്റെ നിരന്തരമായ അവഗണനകൾക്ക്‌ വിധേയമാക്കപ്പെട്ട്‌ വേരറ്റ്‌ പോകുമായിരുന്ന ജനതയെ കൈ പിടിച്ചുയർത്തി എന്നതിന്‌ പുറമെ വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ കൊടിയ യാതനകളിലേക്കും വേദനകളിലേക്കും മലയാളികളുടെ ശ്രദ്ധക്ഷണിക്കൽ കൂടിയായിരുന്ന കെ ജെ ബേബിയുടെ ജീവിതം. ‘നാടു ഗദ്ദിക’ എന്ന തെരുവുനാടകം പറഞ്ഞത്‌ ആഴത്തിൽ വേരുള്ള, തനിമയും തെളിമയുമുള്ള ഒരു ജനത വയനാട്ടിൽ ഉണ്ട്‌ എന്നായിരുന്നു. കാടിനേയും കാട്ടിൽ ജീവിക്കുന്ന മനുഷ്യരെയും കണ്ണിൽ ചോരയില്ലാതെ നശിപ്പിക്കുന്ന സമ്പന്ന കുടിയേറ്റ മുതലാളിമാരെയും അവർക്ക് ഒത്താശ ചെയ്യുന്ന കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഒരുമിച്ച് ആദിവാസികൾ തന്നെ നിലവിളിയോടെ നേരിട്ടു പരസ്യവിചാരണ ചെയ്യുകയായിരുന്നു നാടകത്തിൽ. രോഗം ഭേദമാകാൻ ഗദ്ദിക ആടുന്ന പതിവുണ്ട്‌ ആദിവാസികൾക്കിടയിൽ. ഇതിന്റെ ചുവടുപിടിച്ചാണ്‌ നാടിന്റെ രോഗം മാറ്റാൻ നാടു ഗദ്ദികയുമായി ഇവർ ഇറങ്ങിയത്‌.ആദിവാസി വാദ്യങ്ങളുടെ അകമ്പടിയോടെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് കോളനിക്ക് പുറത്തേക്ക് വന്ന നാടക സംഘത്തെ കാണികൾ ഒന്നാകെ പിന്തുടർന്നു.

പ്രതീക്ഷയുടെ കൂടാരത്തിലേക്ക്‌

ഭാഷയും തൊഴിലും കൈകാര്യം ചെയ്യാനുള്ള നൈപുണ്യമാണ് പ്രധാനമെന്നതായിരുന്നു കനവിന്റെ ജീവൻ. മണ്ണിനോട് ചേർന്ന് നിൽക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം ആയിരുന്നു കനവ് എന്ന പഠ്യപദ്ധതി. നിലനിൽക്കുന്ന സാമൂഹിക സംവിധാനങ്ങളെ ബദലുകൾ കൊണ്ട് സമരം ചെയ്യുക എന്ന ഒരു തന്ത്രമാണ് ഇവിടെ ആവിഷ്കരിച്ചു പോകുന്നത്. കൃഷി, സംഗീതം, കളരി, നൃത്തം, നാടകം തുടങ്ങിയവ ചേർത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിൽ സമ്മാനിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് കനവിന്റെ പ്രത്യേകത.

നിത്യോപയോഗ സാധനങ്ങളിൽ ചുരുക്കം ചിലത് ഒഴികെ മറ്റെല്ലാം നമുക്കിവിടെ കൃഷി ചെയ്യാം എന്ന സന്ദേശവും കനവ്‌ മുന്നോട്ട്‌ വെച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സോളാർ വൈദ്യുതി ഉപയോഗിച്ച് വീട്ടിലേക്ക് വൈദ്യുതി എത്തിക്കാമെന്ന ചിന്തയും ഇവിടെ പ്രാവർത്തികമാക്കി. എല്ലാ അരുവികൾക്കും കുരുവികൾക്കും പേരുണ്ടെന്നും അതിനെ തിരിച്ചറിയണമെന്നും എന്തെല്ലാം ജീവികളെ മനുഷ്യനുമായി ഇണക്കി വളർത്താമെന്ന അന്വേഷണവും ഇവിടെത്തുടർന്നു. കനവിന്റെ മാതൃക കേരളത്തിൽ എമ്പാടും ഉണ്ടാവേണ്ടതായിരുന്നു.

കനവ് പോലുള്ള ഒരു സാംസ്കാരിക സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സ്വന്തം കുട്ടികളെ അയക്കുന്നതിന് അക്കാലത്ത് ആദിവാസി സമൂഹം തയ്യാറായി എന്നുള്ളത് പ്രധാനപ്പെട്ടതാണ്. സംസ്ഥാനത്ത് ഏറ്റവുമധികം എൻ ജി ഒകൾ പ്രവർത്തിക്കുന്ന വയനാട്ടിൽ അവർ വ്യവസ്ഥാപിതമായ രീതിയിൽ സാമ്പത്തിക സഹായം നൽകിയിട്ടും ആദിവാസികളെ ഉദ്ധരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ട് നാളിതുവരെ ആദിവാസി സമൂഹവുമായി അടുക്കാൻ അവർക്ക് കഴിയാതെ പോയതും ചർച്ച ചെയ്യേണ്ടതുണ്ട്. തന്റെ ശരീരത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള സംഗീതത്തെ ഉപയോഗപ്പെടുത്തിയാണ് ബേബി ആദിവാസി സമൂഹവുമായി അടുക്കുന്നത്.

1973ൽ 19-ാം വയസ്സിൽ കണ്ണൂർ ജില്ലയിലെ പേരാവൂരിൽ നിന്ന് മാനന്തവാടി വള്ളിയൂർക്കാവിലേക്ക് മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന ചെറുപ്പക്കാരൻ. ബോംബെയിൽ ഉപരിപഠനത്തിനുപോയ ബേബി 20-ാം വയസ്സിൽ തിരികെ വയനാട്ടിലെത്തി. പ്രകൃതിയെയും മനുഷ്യനെയും അളവറ്റ് സ്നേഹിച്ച ആ മനുഷ്യൻ വയനാട്ടിലെ ഗോത്രവർഗ ജനതയുടെ അടിമ ജീവിതത്തെ മാറ്റിമറിക്കാൻ ഇടപെട്ടു. 1992ലാണ് നടവയലിൽ സ്വന്തം വീടിനോട് ചേർന്ന് കനവ്’ എന്ന വിദ്യാലയം തുടങ്ങുന്നത്. രണ്ട് വർഷത്തിനുശേഷം അത് ചീങ്ങോട് എന്ന സ്ഥലത്തേക്ക് മാറ്റി. അറിവിന്റെ പാഠങ്ങൾ പകർന്നുകൊടുത്ത കനവ് നൂറുകണക്കിന് ആദിവാസി മക്കൾക്ക് വഴിവിളക്കായി. കനവിൽ നിന്ന് സാമ്പ്രദായിക തുടർവിദ്യാഭ്യാസം ആഗ്രഹിച്ചവരെ ഓപ്പൺ സ്കൂൾ വഴി ഉപരിപഠനത്തിന് തയ്യാറാക്കി. ബേബിയുടെ ജീവിത പങ്കാളി ഷേർളി സർക്കാർ കോളജിലെ അധ്യാപക ജോലിയിൽ നിന്ന് സ്വയം വിരമിച്ച് കനവിന്റെ ചുമതല നിർവഹിച്ചു.

മണ്ണിൽ നിന്നും വിണ്ണിൽ നിന്നും പഠിക്കാം

തൊണ്ണൂറുകളുടെ അന്ത്യത്തിലാണ്‌ ഞാൻ കനവ്‌ കാണാൻ പോകുന്നത്‌. സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ കനവിനെ അറിയണം എന്ന ആഗ്രഹത്തിൽ സ്വന്തം തയ്യാറായതായിരുന്നു. അന്നത്തെ ചില സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു. വഴി ചോദിച്ചു ചോദിച്ചു തന്നെയായിരുന്നു യാത്ര. പരമ്പരാഗത സ്ഥാപന സങ്കൽപ്പങ്ങളേയും വിദ്യാഭ്യാസ രീതികളേയും പൊളിച്ചെഴുതിയ കനവിലേക്ക്‌ അങ്ങനെയേ ആർക്കും എത്താനാകൂ.

വയനാട് നടവയലിനടുത്ത ചീങ്ങോടുള്ള കനവ് ഗുരുകുലത്തിന്‌ സാമ്പ്രദായിക ചിട്ടവട്ടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ബോർഡോ ചൂണ്ടുപലകയോ കവാടമോ ഒന്നും എവിടെയുമില്ല. ഇത്‌ സ്ഥാപിക്കാത്തത്‌ കെ ജെ ബേബിയുടെ ബോധപൂർവമായ തീരുമാനമായിരുന്നു. വഴിചോദിച്ച്‌ നാട്ടുകാരോട്‌ സംസാരിച്ച്‌ മാത്രം എത്തിയാൽ മതി കനവിലേക്കെന്നതായിരുന്നു പ്രധാനം. കനവിലേക്ക് ആരൊക്കെ വരുന്നു ആരൊക്കെ പോകുന്നു എന്ന് ചുറ്റുമുള്ള സമൂഹവും ഈ വഴി ചോദിക്കലിലൂടെ തിരിച്ചറിയുന്നു. ഇതൊരു പ്രധാന കേന്ദ്രമാണെന്ന്‌ നാട്ടുകാർക്കും മനസ്സിലാവുന്നു. അവിടെ എത്തിയപ്പോൾ രസകരമായ ഒരു സംഗതിയുണ്ടായി.

ഒപ്പം പോകുന്നവർ പലരും പണം കരുതിയിട്ടില്ല. അത്‌ ആരും നേരത്തെ പറഞ്ഞതുമില്ല, വയനാട്ടിലെത്തിയപ്പോഴാണ്‌ പണമില്ലാത്ത വിവരം അറിയുന്നത്‌. ഭക്ഷണം കഴിച്ചാൽ തിരിച്ച്‌ പോക്ക്‌ പ്രയാസമാകും. എന്ത്‌ ചെയ്യും, ഭക്ഷണം ഉപേക്ഷിക്കാം. പക്ഷേ, വിശപ്പ്‌ കഠിനമാണ്‌. കനവിലെത്തിയപ്പോൾ കെ ജെ ബേബി അവിടെയുള്ള ജീനസ്‌ എന്ന കുട്ടിയെ ഞങ്ങൾക്കൊപ്പം വിട്ടു. കനവ്‌ ചുറ്റും കണ്ടുവരാൻ. അവനോടൊപ്പം ചുറ്റിക്കറങ്ങി രണ്ട്‌ മണിക്കൂറിലധികം കഴിഞ്ഞ്‌ എത്തിയപ്പോൾ കനവിൽ വിളഞ്ഞ പഴങ്ങളും പേരക്കയും കൈതച്ചക്കയും എല്ലാം മുറിച്ച്‌ വലിയപാത്രത്തിൽ നിരത്തിവെച്ച്‌ അരികത്ത്‌ നിറഞ്ഞ ചിരിയോടെ കെ ജെ ബേബിയിരിക്കുന്നു. എന്ത്‌ രുചിയായിരുന്നു ആ നിമിഷത്തിന്‌. പഠനത്തിന്റെ പങ്കപ്പാടിനിടയിലും ഇത്രയും ദൂരം സഞ്ചരിച്ച്‌ അവിടെ എത്തിയ ഞങ്ങളെ കെ ജെ ബേബി അഭിനന്ദിച്ചു. ഇല്ല ഒന്നും അവസാനിക്കുന്നില്ല, കനവ്‌ നിനവായ്‌ തുടരുകതന്നെ ചെയ്യും.

---- facebook comment plugin here -----

Latest