From the print
ക്ഷമിക്കാൻ അറിയണം; ക്ഷമയാണ് പ്രതീക്ഷ
ഹൃദയത്തെ, ഒപ്പം ശരീരത്തെയും പരിധിവിട്ട ആലോചനകളില്‍ നിന്നും കര്‍മങ്ങളില്‍ നിന്നും പിടിച്ച് നിര്‍ത്തലാണ് ക്ഷമ.

‘പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെങ്കില്‍ ഞാന്‍ പോകും’ ‘മടുത്തു ജീവിതം ഇനി ഞാനില്ല,’ ‘ഞാന്‍ ആര്‍ക്കും ഭാരമാവില്ല പോകുന്നു’- ചില ആത്മഹത്യാ കുറിപ്പുകളിലെ നിരാശയുടെ അക്ഷരങ്ങളാണിത്. യഥാര്‍ഥത്തില്‍ ജനിക്കുന്ന ഓരോ മനുഷ്യനിലും ക്ഷമിക്കാനുള്ള, സഹിക്കാനുള്ള ശേഷിയുണ്ടെന്നത് ഉറപ്പാണ്. മൂന്നോ നാലോ സെന്റീമീറ്റര്‍ മാത്രം വിശാലതയുള്ള ഗര്‍ഭാശയത്തില്‍ നിന്നാണല്ലോ നല്ല ക്ഷമയോടെ മനുഷ്യജീവിതം തുടങ്ങുന്നത്. പക്ഷേ, വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സഹനത്തിന്റെയും ക്ഷമയുടെയും പാഠങ്ങളുടെയും പരിശീലനങ്ങളുടെ കുറവാകണം മനുഷ്യനില്‍ നിരാശ രൂപപ്പെടുന്നത്. വെല്ലുവിളികളുടെ നടുവിലും ശക്തമായ പ്രതീക്ഷാബോധമാണ് മനുഷ്യന്റെ വലിയ ഊര്‍ജം. ഇതിന് നല്ല ക്ഷമയാണ് വേണ്ടത്.
എന്താണ് ക്ഷമ എന്നറിയണം. അപ്പോഴാണ് ക്ഷമയോടെ ജീവിക്കുകയെന്നതിന്റെ അര്‍ഥം തിരിയൂ. അതൊരു ജീവിതരീതിയായി രൂപപ്പെടാന്‍ കഴിയണം. ഹൃദയത്തെ, ഒപ്പം ശരീരത്തെയും പരിധിവിട്ട ആലോചനകളില്‍ നിന്നും കര്‍മങ്ങളില്‍ നിന്നും പിടിച്ച് നിര്‍ത്തലാണ് ക്ഷമ. ക്ഷമയുടെ വിവിധ ഘട്ടങ്ങളെ ആത്മജ്ഞാനികള്‍ വിശകലനം ചെയ്യുന്നുണ്ട്. സ്രഷ്ടാവിനെ അനുസരിച്ച് ജീവിക്കാനാവശ്യമായ ക്ഷമയാണ് ഒന്ന്. സ്രഷ്ടാവിന്റെ വഴിയില്‍ നിന്ന് സൃഷ്ടികളെ തെറിപ്പിക്കുന്ന പിശാചിന്റെ ശത്രുതയെ പ്രതിരോധിച്ച് മുന്നേറാന്‍ നല്ല ക്ഷമ കൈവരിക്കണം.
റമസാന്‍ കാലം പിശാച് പിടിച്ചുകെട്ടപ്പെടുമെന്നത് വിശ്വാസിക്ക് പ്രതീക്ഷയാണ്. സ്രഷ്ടാവിലേക്കുള്ള അകല്‍ച്ച കുറക്കാന്‍ ഈ കാലം തന്നെയാണ് നല്ല സമയം. രണ്ടാമത്തേത് തിന്‍മയുടെ വഴിയില്‍ നിന്ന് കുതറിമാറാനുള്ള ക്ഷമ. ശരീരത്തിന്റെ ഇച്ഛകള്‍ക്ക് വഴിപ്പെടാതെ, തെറ്റായതിനെ ശരിയാക്കുന്ന മനോഭാവത്തിനെതിരായ ശക്തമായ പ്രതിരോധമാണിത്. ശരീരം രുചിയാണെന്ന് തോന്നിപ്പിച്ച് കാട്ടിക്കൂട്ടുന്ന പലതും ശാശ്വതമായി നഷ്ടമാണെന്ന തിരിച്ചറിവാണ് ഈ ക്ഷമക്കാവശ്യം. ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഈ തിരിച്ചറിവുണ്ടാകില്ല. അവരുടെ മനസ്സിന്റെ അല്‍പ്പ നേരത്തെ പരിധിവിട്ട നിരാശാബോധത്തെ പിടിച്ചുകെട്ടാന്‍ കഴിയാതെ ദുര്‍ബലമാകുമ്പോഴാണ് ദുരന്തങ്ങളിലേക്ക് എടുത്തുചാടുന്നത്.
പ്രതിവിധി ഇച്ഛയെ തോല്‍പ്പിച്ച സാത്വികരോട് അടുക്കല്‍ തന്നെ. മൂന്നാമത്തെ ക്ഷമ ഭൗതികമായ പരീക്ഷണങ്ങളെ നേരിടുക, പാഠങ്ങളാക്കി മാറ്റുക. ആരോഗ്യപരമായ, സാമ്പത്തികമായ ജയ പരാജയങ്ങളെ ഒന്നിന്റെയും അവസാനമായി കാണാതെ മുന്നോട്ട് നടക്കാന്‍ ശീലിക്കലാണ് വേണ്ടത്.
പ്രതിസന്ധികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ എല്ലാറ്റിനും ഒരു രക്ഷിതാവുണ്ടെന്ന ബോധത്തിലേക്ക് മനസ്സിനെ ചലിപ്പിച്ചാല്‍ ഏത് വലിയ പ്രതിസന്ധിക്ക് മുന്നിലും ആടിയുലയാതെ മുന്നോട്ട് പോകാനാവും. റമസാനിലെ വിശപ്പ് അതിലേക്കുള്ള കവാടമാണ്. വിശപ്പാണല്ലോ പലരെയും കുറ്റവാളിയാക്കുന്നത്. വിശപ്പാണല്ലോ ചിലരെയെങ്കിലും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത് .
വിശപ്പിനോട് പൊരുത്തപ്പെടാന്‍ സഹിച്ച് തന്നെ ജീവിതത്തില്‍ ശീലിച്ചാല്‍ വിശപ്പിന് നമ്മെ കീഴ്പ്പെടുത്താന്‍ കഴിയില്ല. ക്ഷമയാണ് വിശ്വാസത്തിന്റെ സത്തയെന്ന നബിവചനം നമ്മെ ചിന്തിപ്പിക്കണം. ഉപദേശം തേടിയ സ്വഹാബിയോട് നീ കോപിക്കരുത് എന്നായിരുന്നു നബി (സ) യുടെ മറുപടി.
ചോദ്യം ആവര്‍ത്തിച്ചപ്പോഴും ഉത്തരം മാറിയില്ല, നീ കോപിക്കരുത് എന്ന് തന്നെ. അഥവാ കോപത്തെ പിടിച്ചുകെട്ടി ക്ഷമിക്കാന്‍ പഠിച്ചാല്‍ തന്നെ നീ നല്ല മനുഷ്യനാവും, തീര്‍ച്ച.