Connect with us

Editors Pick

അറിയണം ഹെയ്തിയിലെ കുട്ടികളുടെ ദുരിതജീവിതം...

ഹെയ്തിയെന്ന കരീബിയൻ രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്ന ദീർഘകാല ആഭ്യന്തര കലാപത്തിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിക്കുന്ന ഒരു റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങള്‍ മനസാക്ഷിയുള്ള മനുഷ്യരെ നടുക്കുന്നതാണ്.

Published

|

Last Updated

ലസ്തീനിലായാലും മ്യാന്‍മറിലായാലും യുദ്ധവും കലാപവും രാഷ്ട്രീയ അസ്ഥിരതയും വാഴുന്ന ഏത് ദേശത്തായാലും‌ ഇരകള്‍ കുട്ടികളും സ്ത്രീകളുമാണെന്ന് കാണാം.സ്വാഭാവികജീവിതവും ഭാവിയും അസ്ഥിരപ്പെട്ടുപോകുന്നത് അവരുടേതാണ്.സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമല്ല ജീവിതവും ജീവനും കൂടി പണയപ്പെട്ടുപോകുന്നതും അവരുടേതാണ്.

ഹെയ്തിയെന്ന കരീബിയൻ രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്ന ദീർഘകാല ആഭ്യന്തര കലാപത്തിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിക്കുന്ന ഒരു റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങള്‍ മനസാക്ഷിയുള്ള മനുഷ്യരെ നടുക്കുന്നതാണ്. ഫ്രഞ്ച് അധിനിവേശത്തിന്‍റെ ചരിത്രമുള്ള ഹെയ്തിയിലെ സമീപകാലചരിത്രവും ഏറെ ദുരിതമയമാണ്.2010 ലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് 200,000-ത്തിലധികം പേരാണ്. 1.5 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. സാധാരണ മനുഷ്യരുടെ മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളടക്കം നഷ്ടമായ മഹാദുരന്തമായിരുന്നു അത്.
പിന്നീടുണ്ടായ രാഷ്ട്രീയമായ അസ്വസ്ഥതകള്‍ 2021ല്‍ പ്രസിഡന്റ് ജോവനൽ മോയിസിൻ്റെ കൊലപാതകത്തിലാണ് കലാശിച്ചത്. എന്നാല്‍ അതോടെ കലാപങ്ങള്‍ അവസാനിച്ചില്ലെന്ന് മാത്രമല്ല രാജ്യം കൂടുതൽ രാഷ്ട്രീയ അരാജകത്വത്തത്തിലേക്ക് ആഴ്ന്നുപോകുകയാണുണ്ടായത്.

രാജ്യത്തെ എണ്‍പത് ശതമാനം പ്രദേശങ്ങളും ഗുണ്ടകളുടേയും കലാപകാരികളുടേയും കൈയിലാണിന്ന്.ഈ ഗുരുതരമായ സാഹചര്യത്തിനൊടുവിലാണ്
2024 മാർച്ചിൽ പ്രധാനമന്ത്രി ഏരിയൽ ഹെൻറി രാജിവക്കുന്നത്. അതോടെ സര്‍ക്കാര്‍ മാത്രമല്ല മറ്റു ഉദ്യോഗസ്ഥ സംവിധാനങ്ങളും അനിശ്ചിതത്വത്തിലായി‌. ഒരു ബദല്‍ ഭരണകൂടത്തിനായി‌ തിരഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ലാത്ത അവസ്ഥയിലാണ് ഈ രാജ്യം.
ഇടക്കിടെ കലാപങ്ങളും ആക്രമണങ്ങളും രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുന്നു.കഴിഞ്ഞ വർഷം മാത്രം ഹെയ്തിയിൽ നടന്ന ഒരു കൂട്ടക്കൊലയുടെ ഫലമായി 5,600-ലധികം പേർ കൊല്ലപ്പെട്ടു.

2023-നെ അപേക്ഷിച്ച് ഏകദേശം 1,000 പേർ കൂടുതലാണെന്ന് ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് പറയുന്നു . അതിനിടയില്‍ ഹെയ്തിയിലെ ആയുധ ഉപരോധം എല്ലാത്തരം ആയുധങ്ങൾക്കും ബാധകമാക്കി യുഎൻ നിലപാടെടുത്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തക സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റേതായി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഹെയ്തിയിലെ കുട്ടികൾ ഭീകരമായ കൂട്ട അക്രമത്തിന് ഇരയാകുന്നുവെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.അല്‍ജസീറയുടെ റിപ്പോര്‍ട്ടനുസരിച്ച് മനുഷ്യാവകാശ സംഘടന ഇരയായ 14 കുട്ടികളെ സന്ദര്‍ശിച്ചു മൊഴിയെടുത്തിട്ടുണ്ട്.

കരീബിയൻ രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്ന ദീർഘകാല ആഭ്യന്തര കലാപത്തിന്റെ പ്രത്യാഘാതങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതാണ് ആംനസ്റ്റിയുടെ റിപ്പോര്‍ട്ട്.ഹെയ്തിയിലെ ഗുണ്ടാസംഘങ്ങൾ കുട്ടികളെ റിക്രൂട്ട് ചെയ്യുകയും അവരെ ലക്ഷ്യം വെച്ച് അക്രമവും ലൈംഗികാതിക്രമവും നടത്തുകയും ചെയ്യുന്നുണ്ടെന്ന് അത് പറയുന്നു.

സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലുള്ളതോ അവരുടെ സ്വാധീനത്തിൻ കീഴിലുള്ളതോ ആയ പ്രദേശങ്ങളിലാണ് പത്ത് ലക്ഷത്തിലധികം കുട്ടികൾ താമസിക്കുന്നതെന്നാണ് റിപ്പോർട്ട് കണക്കാക്കുന്നത്. കൂടാതെ യുവാക്കൾക്കെതിരായ കുറ്റകൃത്യങ്ങളെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായും‌ കാണണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഹെയ്തിയിലെ ഗുണ്ടാസംഘങ്ങൾ കുട്ടികളെ ബാല സൈനികരായി റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.രാജ്യത്ത് കുട്ടികളെ ഗുണ്ടാസംഘങ്ങളാക്കി റിക്രൂട്ട് ചെയ്യുന്നത് 70 ശതമാനം വർദ്ധിച്ചതായും ഹെയ്തിയിലെ ഗുണ്ടാസംഘാംഗങ്ങളിൽ 30 മുതൽ 50 ശതമാനം വരെ കുട്ടികളാണെന്നും റിപ്പോർട്ടിലുണ്ട്. നവംബറിൽ യുഎൻ ചിൽഡ്രൻസ് ഫണ്ട്, യുണിസെഫ് തുടങ്ങിയവയും ഇതേ ആശങ്കകൾ പങ്കുവെച്ചിരുന്നു.

എതിരാളികളായ ഗ്രൂപ്പുകളെയും പോലീസിനെയും നിരീക്ഷിക്കുന്നതിനും വാഹനങ്ങൾ എത്തിക്കുന്നതിനോ നന്നാക്കുന്നതിനോ പോലുള്ള ജോലികൾ ചെയ്യുന്നതിനോ വേണ്ടി ഗുണ്ടാസംഘങ്ങൾ റിക്രൂട്ട് ചെയ്ത 14 ഹെയ്തിയൻ കുട്ടികളെ കണ്ടെത്തി സംഘടന പ്രതിനിധികള്‍ സംസാരിച്ചിരുന്നു. അഭിമുഖം നടത്തിയ കുട്ടികളിൽ ഒരാൾ പറഞ്ഞത് ഒരു ഗുണ്ടാസംഘത്തിലുള്ളവര്‍ അവർക്കൊപ്പം പോരാടാൻ തന്നില്‍ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ്.

“എന്റെ മുന്നിൽ വെച്ച് അവർ ആളുകളെ കൊന്നു, അവരുടെ ശരീരം കത്തിക്കാൻ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ എനിക്ക് അതിനുള്ള ധൈര്യമില്ല. പേര് വെളിപ്പെടുത്താത്ത ആ ആൺകുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. കുട്ടികൾ ഒരു സംഘത്തിന്റെ ആജ്ഞകൾ പാലിക്കാൻ വിസമ്മതിച്ചാൽ അവരെയോ അവരുടെ കുടുംബങ്ങളെയോ കൊല്ലും എന്നതാണ് നിലവിലെ രീതി.

2024 സെപ്റ്റംബറിൽ ഒരു വെടിയുണ്ട തന്റെ ചുണ്ടിൽ തുളച്ചുകയറിയതെങ്ങനെയെന്ന് 14 വയസ്സുള്ള ഒരു പെൺകുട്ടി വിവരിച്ചു. അതിന് മൂന്ന് മാസം മുമ്പ്, 17 വയസ്സുള്ള അവളുടെ സഹോദരൻ ഒരു വഴിതെറ്റിയ വെടിയുണ്ടയേറ്റ് മരിച്ചതും അവള്‍ വിവരിക്കുന്നു.

“എന്റെ ജീവിതത്തിലെ വലിയൊരു സാന്നിധ്യം എനിക്ക് നഷ്ടപ്പെട്ടു. അതിനുശേഷം, എങ്ങനെ സന്തോഷവതിയായിരിക്കണമെന്ന് എനിക്കറിയില്ല,” പെൺകുട്ടി പറഞ്ഞു. 2024 മെയ് മുതൽ ഒക്ടോബർ വരെ നടത്തിയ അഭിമുഖങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, കൂട്ട ആക്രമണങ്ങൾക്കിടെ ഹെയ്തിയിലെ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലുകൾ, ബലാത്സംഗം, മറ്റ് ലൈംഗികാതിക്രമങ്ങൾ എന്നിവയ്ക്ക് പതിവായി ഇരയാകുന്നുണ്ടെന്ന് ആംനസ്റ്റി പറഞ്ഞു.

മറ്റൊരു മാധ്യമ റിപ്പോര്‍ട്ട് പ്രകാരം 150,000 ലധികം പെൺകുട്ടികൾ കൂലി ലഭിക്കാത്ത വീട്ടുജോലിക്കാരായി ആധുനിക അടിമത്തത്തിൽ കുടുങ്ങിയിരിക്കുന്നുവെന്നാണ്. 286,000 ത്തിലധികം കുട്ടികൾ കൃഷി, ഗാർഹിക തൊഴിലാളികൾ, ഗുണ്ടാ സംഘങ്ങൾ എന്നിങ്ങനെ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ 50% പേർക്ക് വിദ്യാഭ്യാസം ലഭ്യമല്ല. ആൾക്കൂട്ട ആക്രമണം കാരണം സ്‌കൂളുകൾ അടച്ചിടുന്നതാണ് കാരണം.

പല കുടുംബങ്ങൾക്കും ഫീസോ യൂണിഫോമോ സാധനങ്ങളോ താങ്ങാനാവുന്നില്ല. ശമ്പളം ലഭിക്കാത്തതിൻ്റെ പേരിൽ അധ്യാപകർ പലപ്പോഴും സമരം ചെയ്യുന്നതും സ്കൂളുകള്‍ മുടങ്ങാനുള്ള കാരണമാണ്. യൂനിസെഫ് , ലോകാരോഗ്യ സംഘടന , സേവ് ദ ചില്‍ഡ്രന്‍ എന്നിവയോടൊപ്പം‌ ചില മനുഷ്യാവകാശ സംഘടനകളും സഹായമെത്തിക്കാന്‍ ശ്രമിക്കുന്നെണ്ടെങ്കിലും 80 ശതമാനം ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ലെന്നാണ് വിവരങ്ങൾ.

Latest