mobile app
വാഹന പ്രേമികളെ സഹായിക്കാന്‍ ആപ്പുമായി യുവ സഹോദരങ്ങള്‍
ആരോവെഹിക് എന്ന് പേരിട്ട ആപ്പ് വഴി പുതിയതും പഴയതുമായ ഏതൊരു വാഹനത്തിന്റെയും സകല വിവരങ്ങളും ഞൊടിയിടയില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത
കല്‍പ്പറ്റ | പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇരട്ടി സന്തോഷവുമായി യുവ എന്‍ജിനീയര്‍മാര്‍. കല്‍പ്പറ്റ സ്വദേശികളായ അര്‍ജുനും അരുണുമാണ് വാഹന പ്രേമികള്‍ക്ക് ഏറെ ഉപകാരപ്രദമായ പുതിയ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആരോവെഹിക് എന്ന് പേരിട്ട ആപ്പ് വഴി പുതിയതും പഴയതുമായ ഏതൊരു വാഹനത്തിന്റെയും സകല വിവരങ്ങളും ഞൊടിയിടയില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. വാഹന സംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കുക എന്ന ലക്ഷ്യമാണ് യുവ എന്‍ജിനീയര്‍മാര്‍ക്ക് ഉണ്ടായിരുന്നത്. ഇത് വാഹന വിപണിയില്‍ പുത്തന്‍ ആശയമായിരിക്കുമെന്ന് അര്‍ജുന്‍ പറയുന്നു.
ബുക്ക് ചെയ്യുന്നതിന് മുന്നേ വാഹനത്തെ പറ്റി അറിഞ്ഞിരിക്കേണ്ട മുഴുവന്‍ വിവരങ്ങളും നല്‍കുന്നതിനു പുറമേ പഴയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ മുന്‍കാല സേവന ചരിത്രവും സവിശേഷതകളും വിശദാംശങ്ങളും അറിയേണ്ടത് അനിവാര്യമാണെന്നാണ് ഇരുവരും പറയുന്നത്.
ഇന്ത്യയില്‍ ലഭ്യമായ ഫോര്‍ വീലറുകളുടെയും ടു വീലറുകളുടെയും വിവരങ്ങളാണ് ഈ ആപ്പിലൂടെ ലഭിക്കുന്നത്. ആന്‍ഡ്രോയ്ഡ് മൊബൈലുകളില്‍ പ്ലേസ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കണ്ണൂര്‍ ശ്രീനാരായണഗുരു കോളജ് ഓഫ് എന്‍ജിനീയറിംഗ് ടെക്‌നോളജിയില്‍ നിന്ന്് എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയതാണ് അര്‍ജുന്‍. പാലക്കാട് പ്രവര്‍ത്തിക്കുന്ന ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് അരുണും ബിരുദം നേടി. കല്‍പ്പറ്റ സ്വദേശികളായ എം ടി ബാബുവിന്റെയും മിനി ബാബുവിന്റെയും മക്കളാണ് ഇരുവരും.