Farmers Protest
കര്‍ഷക സമരത്തിനിടെ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടു; മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചു
കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്കും ഒരു കര്‍ഷകനും പരിക്കേറ്റതായും ഹരിയാന പോലീസ്
ന്യൂഡല്‍ഹി | കര്‍ഷക സമരത്തിനിടെ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ കര്‍ഷന്‍ കൊല്ലപ്പെട്ടു. ഹരിയാന അതിര്‍ത്തിയില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് 24 വയസ്സുള്ള ശുഭ് കരന്‍ സിങ് കൊല്ലപ്പെട്ടത്. ശുഭ് കരന്‍ സിങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഫെബ്രുവരി 13 മുതല്‍ അതിര്‍ത്തിയില്‍ സമരം തീവ്രമായി തുടരുകയാണ്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതോടെയാണ് സമരം ശക്തമായത്. ഹരിയാന പോലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ തകര്‍ക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചതോടെ കാനൗരി , ശംഭു അതിര്‍ത്തികളില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി.
കര്‍ഷകന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കര്‍ഷക മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഖനൗരിയില്‍ നടന്ന അനിഷ്ടസംഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് ഡല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കുന്നതായി കര്‍ഷക നേതാവായ സര്‍വാണ്‍ സിംഗ് പന്ദേര്‍ പറഞ്ഞു. തുടര്‍ന്നുള്ള നീക്കങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാടകീയമായ സംഭവവികാസങ്ങളാണ് ഖനൗരിയിലും ശംഭു അതിര്‍ത്തിയിലും ബുധനാഴ്ച ഉണ്ടായത്. അതിര്‍ത്തി കടക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ ഹരിയാന പോലീസ് നിരന്തരം ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിന്റെ ഭാഗമായി ഹരിയാന പോലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെയാണ് രംഗം വഷളായത്.