Connect with us

Kerala

ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

25 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതി.

Published

|

Last Updated

തിരുവല്ല | ഭിന്നശേഷിക്കാരിയായ യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും, 25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ വാഴപ്പള്ളിക്കല്‍ ചരുവില്‍ ലക്ഷം വീട്ടില്‍ ഷൈന്‍ സിദ്ധീഖ് (34) ആണ് നെടുമങ്ങാട് കുളവിക്കുളത്തുള്ള ഭാര്യ വീട്ടില്‍ നിന്നും പിടിയിലായത്.

കുമ്പഴയിലെ ദേശസാത്കൃത ബേങ്കില്‍ താത്കാലിക ജീവനക്കാരനാണ് പ്രതി. ഭിന്നശേഷിക്കാരിയായ 40 കാരിയാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായത്. 2021 ജൂലൈ മുതല്‍ 2022 ജനുവരി 16 വരെയുള്ള കാലയളവില്‍ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ വെച്ച് പ്രതി യുവതിയെ പീഡിപ്പിച്ചു. 2024 ആഗസ്റ്റ് മൂന്നിന് വൈകിട്ട് പട്ടം റോയല്‍ ഹോട്ടലില്‍ യുവതിയെ എത്തിച്ചും ബലാത്സംഗം ചെയ്തു. വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്ത ശേഷമായിരുന്നു പീഡനം.

യുവതിയുടെ പരാതിയില്‍ ഈമാസം 15 ന് തിരുവല്ല പോലീസ് കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവാവിന്റെ മൊബൈല്‍ ഫോണ്‍, ബേങ്ക് എ ടി എം കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് ഐ. സുരേന്ദ്രന്‍ പിള്ള, എ എസ് ഐ. മിത്ര വി മുരളി, എസ് സി പി ഒമാരായ മനോജ് കുമാര്‍, അഖിലേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.