Kerala
പ്രമോഷന് വീഡിയോ ചിത്രീകരണത്തിനിടെ കാര്‍ ഇടിച്ച് യുവാവ് മരിച്ച സംഭവം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് കുടുംബം
സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിംഗ്, ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി മഞ്ചേരി സ്വദേശി സാബിദ് റഹ്മാനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
കോഴിക്കോട്|കോഴിക്കോട് ബീച്ച് റോഡില്‍വച്ച് പ്രമോഷന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം. അപകടത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം അന്വേഷിക്കണമെന്നും മരിച്ച യുവാവിന്റെ പിതാവ് സുരേഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 11നാണ് തണ്ണീര്‍പന്തല്‍ സ്വദേശി ആല്വിന് കാറിടിച്ച് മരിച്ചത്. ബീച്ച് റോഡില്‍ വെച്ച് ആഡംബര കാറുകളുടെ പ്രമോഷന് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അപകടത്തിന്റെ സി സി ടി വി ദൃശ്യം പുറത്തു വിട്ട് ദുരൂഹത നീക്കാന്‍ പോലീസ് തയ്യാറാകണമെന്നും കുടുംബം വ്യക്തമാക്കി.
സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിംഗ്, ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി കാര്‍ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. തെലങ്കാന സ്വദേശിയായ അശ്വിന് ജയിന്റെ പേരിലായിരുന്നു അപകടമുണ്ടാക്കിയ കാറിന്റെ രജിസ്ട്രേഷന്. കാറിന് ഇന്‍ഷൂറന്‍സോ ടാക്സ് അടച്ച രേഖകളോ ഉണ്ടായിരുന്നില്ല. അടുത്തിടെ വെള്ളയില്‍ പോലീസ് തെലങ്കാനയിലെത്തി കാര്‍ ഉടമയില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
കാര്‍ നേരത്തെ തന്നെ മഞ്ചേരി സ്വദേശിക്ക് വിറ്റതായാണ് ഇയാള്‍ മൊഴി നല്‍കിയത്. രജിസ്ട്രേഷന് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് അപകടമെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുളള റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.