Connect with us

Kerala

ബന്ധു പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു: കൊല ഭാര്യയെ ശല്യം ചെയ്ത വൈരാഗ്യത്തില്‍

80 ശതമാനം പൊള്ളലേറ്റ് കലേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Published

|

Last Updated

കൊല്ലം | കൊല്ലം ചടയമംഗലം പോരേടത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു.
പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍  കലേഷിനെ പെട്രോളൊഴിച്ച് കത്തിച്ചത് സനല്‍ എന്നയാളാണ്. ഇരുവരും ബന്ധുക്കളാണ്. സംഭവത്തെ തുടര്‍ന്ന് സനല്‍ റിമാന്‍ഡിലാണ്.

രണ്ട് ദിവസം മുമ്പ് പോരേടം ചന്തമുക്കിലെ കലേഷ് ജോലിചെയ്യുന്ന സ്ഥലത്തെത്തിയാണ് പ്രതി  കൃത്യം നടത്തിയത്. സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി ബക്കറ്റില്‍ കൊണ്ടു വന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ചപ്പോള്‍ പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക് തുടര്‍ന്ന് പ്രതി പന്തത്തില്‍ തീകൊളുത്തി എറിയുകയും ചെയ്തു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിച്ചോടി. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ് കലേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

തീ കൊളുത്തി യുവാവിനെ കൊല്ലാന്‍ ശ്രമിച്ചതിനു ശേഷം പ്രതി സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലത്തി സ്വമേധയാ കീഴടങ്ങുകയായിരുന്നു.കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ചടയമംഗലം പോലീസ് അറിയിച്ചത്.

Latest