Kerala
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
റോഡരികിലെ മൈല്‍ കുറ്റിയില്‍ ഇടിച്ച ശേഷം ബൈക്ക് സമീപത്തെ പൊന്തക്കാട്ടിലേക്ക് മറിയുകയായിരുന്നു
തലയോലപ്പറമ്പ് | നിയന്ത്രണം വിട്ട ബൈക്ക് മൈല്‍ കുറ്റിയില്‍ ഇടിച്ച് തെറിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കടുത്തുരുത്തി വാലാച്ചിറ പത്തുപറ വീട്ടില്‍ ബൈജു- സിനി ദമ്പതികളുടെ മകന്‍ ആല്‍ബി ബൈജു (21) ആണ് മരിച്ചത്. കോരിക്കല്‍ നാദം ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം.
കോരിക്കല്‍ ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. റോഡരികിലെ മൈല്‍ കുറ്റിയില്‍ ഇടിച്ച ശേഷം ബൈക്ക് സമീപത്തെ പൊന്തക്കാട്ടിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ ആല്‍ബി ഏറെ നേരം കിടന്നു. തുടര്‍ന്ന് കൂട്ടുകാരും മറ്റും അന്വേഷിച്ച് എത്തിയപ്പോഴാണ് കണ്ടെത്തിയത്. വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. തൃപ്പൂണിത്തറയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്ക് വിദ്യാര്‍ഥിയാണ് മരിച്ച ആല്‍ബി. സഹോദരി : ആത്മ.