Kerala
യുവാവ് കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുന്നത് കണ്ടു ഭയന്ന് ആറ്റില്‍ ചാടി; 14കാരി മുങ്ങി മരിച്ചു
ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

പത്തനംതിട്ട| യുവാവ് കുടുംബാംഗങ്ങളെ മർദിക്കുന്നത് കണ്ട് ആറ്റിൽ ചാടിയ പെൺകുട്ടി മുങ്ങി മരിച്ചു.സംഭവത്തിൽ 23കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഴൂർ സ്വദേശി ആവണി (14)യാണ് മരിച്ചത്. കഴിഞ്ഞ രാത്രി എട്ടേമുക്കാലിന് വലഞ്ചുഴി പാലത്തിൽ വച്ചാണ് സംഭവം. പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും മർദിച്ച അഴുർ വലഞ്ചുഴി തെക്കേതിൽ വലിയ വീട്ടിൽ ശരത് ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.
പെൺകുട്ടി പിതാവ് പ്രകാശ്, മാതാവ് ബീന, സഹോദരൻ അശ്വിൻ, പ്രകാശിന്റെ സഹോദര പുത്രൻ അനു എന്നിവർക്കൊപ്പം ഇന്നലെ രാത്രി ഏഴിന് വലഞ്ചുഴി ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് പോയിരുന്നു. രാത്രി 8.45 ന് ഉത്സവം കണ്ട് മടങ്ങും വഴി വലഞ്ചുഴി താൽക്കാലിക പാലത്തിൽ വച്ച് ശരത്ത് ആവണിയുടെ സഹോദരങ്ങളായ അശ്വിനെയും അനുവിനെയും ദേഹോപദ്രവം ഏൽപ്പിച്ചു. ആവണിയുടെ പേര് പറഞ്ഞായിരുന്നു ഉപദ്രവം. പിടിച്ചു മാറ്റാൻ ചെന്ന പ്രകാശിനെയും മർദിച്ചു. തുടർന്ന് ആവണിക്ക് നേരെ ശരത് തിരിഞ്ഞപ്പോൾ പെൺകുട്ടി അച്ചൻകോവിലാറ്റിൽ ചാടുകയായിരുന്നു.
ശരതും കല്ലൂർക്കടവ് സ്വദേശിയായ പ്രവീണും പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.തുടർന്ന് പ്രകാശിന്റെ പരാതിയിൽ ശരത്തിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പിതാവിനെ ശരത് അടിച്ചതിലുള്ള മനോവിഷമത്താൽ പെൺകുട്ടി സ്വയം മരിക്കണമെന്ന ഉദ്ദേശത്തോടെ ആറ്റിൽ എടുത്തു ചാടി എന്നാണ് എഫ്ഐആർ.