Kozhikode
യുവ പണ്ഡിതൻ്റെ നൂറാമത് പുസ്തകം പുറത്തിറങ്ങുന്നു
പ്രവാചകരുമായി ബന്ധപ്പെട്ടവയാണ് എഴുതിയതില്‍ കൂടുതലും

കോഴിക്കോട് | യുവ പണ്ഡിതന്‍ മുസ്തഫല്‍ ഫാളിലി അല്‍ അര്‍ശദി കരീറ്റിപ്പറമ്പിൻ്റെ നൂറാമത് രചന പുറത്തിറങ്ങുന്നു. ‘എൻ്റെ റസൂല്‍’ എന്ന പേരില്‍ പ്രവാചകനെക്കുറിച്ച് 33 അധ്യായങ്ങളിലായി 350 പേജുകില്‍ രചിച്ച പുസ്തകമാണ് നൂറാമത്തേത്. അരയങ്കോട് ദഅ്‌വാ കോളജ് വിദ്യാര്‍ഥി സംഘടനയായ വാദിസിനായ് സ്റ്റുഡന്റസ് യൂനിയന്റെ പബ്ലിഷിംഗ് വിഭാഗമാണ് ഫാളിലിയുടെ ഭൂരിഭാഗം പുസ്്തകങ്ങളും പ്രസിദ്ധീകരിച്ചത്.
ഖസ്വീദത്തുല്‍ ഹംസിയ്യ വ്യാഖ്യാനം, ബാനത് സുആദു വ്യാഖ്യാനം, മഹ്ളറത്തുല്‍ ബദ്രിയ്യ വ്യാഖ്യാനം, അശ്റഖ ബൈത്ത് വ്യാഖ്യാനം, മുഹിയിദ്ദീന്‍ മാല വിശദീകരണം, നഫീസത്ത് മാല വ്യാഖ്യാനം, തിരു തരുണിമാര്‍, നഅലെ മുബാറക് എന്നിവയാണ് പ്രധാന രചനകള്‍. പ്രവാചകരുമായി ബന്ധപ്പെട്ടവയാണ് എഴുതിയതില്‍ കൂടുതലും.
ഖസ്വീദത്തുല്‍ ബുര്‍ദക്ക് 3,000 പേജുകളില്‍ പത്ത് വാള്യങ്ങളിലുള്ള ഏറ്റവും വലിയ മലയാള വ്യാഖ്യാനമാണ് നിലവില്‍ രചിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഒന്നാം വാള്യം കഴിഞ്ഞ മാസം പുറത്തിറങ്ങി. രചനകള്‍ കൂടുതലും സൗജന്യ വിതരണമാണെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ റമസാനില്‍ ഓരോ ദിവസവും ഓരോ കൃതികളാണ് പുറത്തിറങ്ങുന്നത്.
അരയങ്കോട് സി എം ദഅ് വ കോളേജ് മുദർരിസും മഹല്ല് ഖത്വീബുമാണ് പ്രഭാഷകന്‍ കൂടിയായ മുസ്തഫല്‍ ഫാളിലി അല്‍ അര്‍ശദി കരീറ്റിപ്പറമ്പ്. എം സി സി മുഹമ്മദ് ഫൈസി- റംല ദമ്പതികളുടെ മകനാണ്.