Kerala
സൈബർ ആക്രമണത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
കഴിഞ്ഞ നാല് ദിവസമായി പ്രതിക്കായി പോലീസ് വ്യപക തിരച്ചിൽ നടത്തിവരികയാണ്.
കടുത്തുരുത്തി | സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ മുൻ ആണ്‍സുഹൃത്ത് അരുണ്‍ വിദ്യാധരനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടയം പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ നാല് ദിവസമായി പ്രതിക്കായി പോലീസ് വ്യപക തിരച്ചിൽ നടത്തിവരികയാണ്.
അതിനിടെ, ഇയാള്‍ കോയമ്പത്തൂരിലേക്ക് രക്ഷപ്പെട്ടതായി സൂചനയുണ്ട്. ഇതേ തുടർന്ന് ഇവിടം കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇയാൾക്കു സഹായം ലഭിക്കാന്‍ സാധ്യതയുള്ള മറ്റു മേഖലകളിലും പോലീസ് വലവിരിച്ചിരിക്കുകയാണ്.
ആതിരയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. യുവതിയുടെ മരണത്തിനു ശേഷം അരുണ്‍ കോയമ്പത്തൂരില്‍ ജോലി നോക്കിയിരുന്ന ഹോട്ടലില്‍നിന്ന് 5,000 രൂപ വാങ്ങി മുങ്ങുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്.
ആതിരയും അരുണും അടുപ്പത്തിലായിരുന്നു. എന്നാല്‍ അരുണിന്റെ സ്വഭാവവൈകൃതം കാരണം ബന്ധത്തില്‍നിന്ന് രണ്ടു വര്‍ഷം മുമ്പ് ആതിര പിന്മാറുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഫേസ്ബുക്ക് വഴിയുള്ള സൈബർ ആക്രമണം.