Kerala
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

കോന്നി | പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കോന്നി അരുവാപ്പുലം അക്കരക്കാലാപ്പടി ചന്ദ്രഭവനം വിജേഷിന്റെ ഭാര്യ കാര്‍ത്തിക (29) ആണ് മരണപ്പെട്ടത്. ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യ വകുപ്പിനു പരാതി നല്‍കി. എന്നാല്‍, ചികിത്സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാര്‍ത്തികയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും ആശുപത്രിയില്‍ ചുമതല ഉണ്ടായിരുന്ന ഡോക്ടര്‍ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 12 നാണ് കാര്‍ത്തികയെ പ്രസവത്തിനായി എത്തിച്ചത്. രാത്രിയില്‍ തന്നെ പ്രസവിക്കുകയും ആരോഗ്യ നില വഷളാവുകയുമായിരുന്നു. തുടര്‍ന്ന് തിരുവല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ഇവര്‍ പ്രസവിച്ച കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, ആശുപത്രിയില്‍ എത്തിച്ച സമയത്ത് ലഭിച്ച ആര്‍ ടി പി സി ആര്‍ ഫലത്തില്‍ കൊവിഡ് നെഗറ്റീവ് കാണിക്കുകയും മരണ ശേഷം ചെയ്ത പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതരുടെ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു. കാര്‍ത്തികയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.