Kudumbasree
കുടുംബശ്രീയോട് അകൽച്ച കാണിച്ച് യുവതികൾ; പങ്കാളിത്തം പത്ത് ശതമാനം
പരിഹാരമായി ഓക്‌സിലറി ഗ്രൂപ്പുകൾ
കോഴിക്കോട് | കുടുംബശ്രീ പദ്ധതിയോട് യുവതികൾക്ക് അകൽച്ചയെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പഠന റിപ്പോർട്ട്. നിലവിലുള്ള കുടുംബശ്രീ അംഗങ്ങളിൽ 18 മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകൾ പത്ത് ശതമാനം മാത്രമാണെന്നാണ് കണ്ടെത്തൽ. ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമാണ് കുടുംബശ്രീ അയൽക്കൂട്ട സംവിധാനത്തിൽ അംഗമാവാൻ കഴിയുക. ഈയൊരു സാഹചര്യത്തിൽ വീട്ടിലെ മുതിർന്ന അംഗങ്ങളാണ് കുടുംബശ്രീയിൽ ഇടം നേടുന്നതെന്നാണ് പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഇതിന് പരിഹാരമെന്ന നിലക്ക് യുവതികളെ ലക്ഷ്യം വെച്ച് സർക്കാർ മുന്നോട്ടു വെച്ച ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം സംസ്ഥാനത്തൊട്ടുക്കും സജീവമായി. കഴിഞ്ഞ ഒരു മാസത്തിനിടക്ക് 13,000 ഓക്‌സിലറി ഗ്രൂപ്പുകളാണ് രൂപവത്കരിച്ചത്. 23,000 ഗ്രൂപ്പുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് കുടുംബശ്രീ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ നിഷാദ് പറഞ്ഞു. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വീട്ടിൽ നിന്ന് ഒന്നിലധികം പേർക്ക് അംഗങ്ങളാവാമെന്നതാണ് പുതിയ ഗ്രൂപ്പിന്റെ പ്രത്യേകത. കൂടാതെ, ഒരു ഓക്‌സിലറി ഗ്രൂപ്പിൽ 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള 50 പേർക്ക് ചേരാം.
ടീം ലീഡറടക്കം അഞ്ച് പേരുള്ള സമിതിയാണ് ഓരോ ഗ്രൂപ്പിന്റേയും ഭരണം നിർവഹിക്കേണ്ടത്.
സാമൂഹികക്ഷേമ വകുപ്പ്, വനിതാ കമ്മീഷൻ, എക്‌സൈസ് വകുപ്പിന്റെ വിമുക്തി, കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സെന്റർ, പോലീസ് വകുപ്പ് തുടങ്ങിയ സംവിധാനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള പദ്ധതികളും അതാത് പ്രദേശങ്ങളിലെ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള പഠന പ്രവർത്തനങ്ങളും ഓക്‌സിലറി ഗ്രൂപ്പിന് കീഴിൽ ആസൂത്രണം ചെയ്യും.
ഈയിടെയായി വർധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങളും മരണങ്ങളുമാണ് ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപവത്കരണത്തിലേക്ക് സർക്കാറിനെ പ്രേരിപ്പിച്ചത്.