Connect with us

National

നിങ്ങളുടെ സ്വത്ത് മുസ് ലിംകള്‍ക്ക് നല്‍കും ; വിദ്വേഷം ആവര്‍ത്തിച്ച് അനുരാഗ് താക്കൂറും 

വിദ്വേഷ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ വിദ്വേഷ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിയതിന് പിന്നില്‍ വിദേശ ശക്തികളുടെ സഹായമുണ്ടെന്നും അനുരാഗ് താക്കൂര്‍ ആരോപിച്ചു. ഹിമാചല്‍ പ്രദേശിലെ ഹിമര്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയാരുന്നു താക്കൂര്‍.

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വിദേശ ശക്തികളുടെ കൈകടത്തല്‍ വ്യക്തമായി കാണാം. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. രാജ്യത്തിന്റെ ആണവായുധങ്ങള്‍ അവര്‍ ഇല്ലാതാക്കും. ജാതിയുടെയും പ്രാദേശികതയുടെയും പേരില്‍ അവര്‍ രാജ്യത്തെ വിഭജിക്കുമെന്നും താക്കൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ  തുക്ഡെ തുക്ഡെ ഗ്യാങ് ഹൈജാക്ക് ചെയ്തു. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കണോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്.. മുസ്ലിങ്ങള്‍ക്ക് നമ്മള്‍ തുല്യഅവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ മതത്തിന്റെ അടിസ്ഥാനത്തില്ല, അവരുടെ അവകാശമായതിനാലാണ് അത് നല്‍കിയത്. –    അനുരാഗ് താക്കൂര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് റാലിക്കിടെ അനുരാഗ് താക്കൂര്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. താക്കൂറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പാതയാണ് അനുരാഗ് താക്കൂര്‍ പിന്തുടരുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ മുസ് ലിംകള്‍ക്ക് വിതരണം ചെയ്യുമെന്ന് നേരത്തെ നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി വിദ്വേഷ പ്രസംഗം നടത്തിയത്.

Latest