Connect with us

Kerala

ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോം ഗാര്‍ഡിനെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

കുമ്പഴ വരുവാതില്‍ വീട്ടില്‍ ജിന്റോ ജോര്‍ജ് (39)ആണ് അറസ്റ്റിലായത്. 17 കേസുകളില്‍ പ്രതിയാണ് ജിന്റോ.

Published

|

Last Updated

പത്തനംതിട്ട | ഗതാഗത നിയന്ത്രണ ഡ്യൂട്ടി ചെയ്യുകയായിരുന്ന ഹോം ഗാര്‍ഡിനെ മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പഴ വരുവാതില്‍ വീട്ടില്‍ ജിന്റോ ജോര്‍ജ് (39)ആണ് അറസ്റ്റിലായത്.

പത്തനംതിട്ട ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഹോം ഗാര്‍ഡ് ഷിബു കുര്യനാണ് കുമ്പഴയില്‍ വച്ച് മര്‍ദനമേറ്റത്. കുമ്പഴ ട്രാഫിക് പോയിന്റില്‍ സെക്കന്‍ഡ് ടേണ്‍ ഡ്യൂട്ടിക്കിടെയായിരുന്നു മദ്യലഹരിയിലെത്തിയ യുവാവിന്റെ പരാക്രമം. ഷിബുവിനെ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടെ 17 കേസുകളില്‍ പ്രതിയാണ് ജിന്റോ. 2011 ലെടുത്ത വധശ്രമക്കേസില്‍ ഇയാളെ കോടതി അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ് ഐ. ജിനു, എസ് സി പി ഒ. അനുരാജ്, സി പി ഒമാരായ അഭിരാജ്, വിഷ്ണു, ശ്രീലാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.