Kerala
എഫ് ബി ഗ്രൂപ്പിലൂടെ പരിചയം; വീട്ടമ്മയില്‍ നിന്നും 6.81 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍
കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലം തൊടി വീട്ടില്‍ സി കെ പ്രജിത് (39) ആണ് പിടിയിലായത്.

പത്തനംതിട്ട | ഫേസ്ബുക്കില്‍ സൃഷ്ടിച്ച പ്രത്യേക ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് വീട്ടമ്മയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ കീഴ്‌വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലം തൊടി വീട്ടില്‍ സി കെ പ്രജിത് (39) ആണ് പിടിയിലായത്.
‘തൂവല്‍ കൊട്ടാരം’ എന്ന പേരിലുള്ള ഫേസ് ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതി, ആനിക്കാട് സ്വദേശിനിയായ 52കാരിയില്‍ നിന്നും പലതവണയായി 68,0801 രൂപ കൈക്കലാക്കുകയായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിന്‍ ആയ പ്രതി പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള്‍ പേ ചെയ്യിച്ച് വീട്ടമ്മയില്‍ നിന്നും കൈപ്പറ്റിയത്.
സാമ്പത്തിക തട്ടിപ്പിനിരയായ വീട്ടമ്മ 2024 നവംബര്‍ 24ന് പോലീസില്‍ പരാതി നല്‍കി. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോഴിക്കോട്ട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. സി പി ഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.