Pathanamthitta
വീഡിയോ കോളിലൂടെ പോലീസിന്റെ പേരില്‍ തട്ടിപ്പ്; 37.61 ലക്ഷം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍
തടിയൂര്‍ സ്വദേശിയുടെ പണമാണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടമായത്
പത്തനംതിട്ട | വീഡിയോ കോളിലൂടെ അന്ദേരി പോലീസെന്നും, സി ബി ഐ എന്നും തെറ്റിദ്ധരിപ്പിച്ച് 37, 61,269 രൂപ തട്ടിയകേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍.
കേസില്‍ ഒന്നാം പ്രതി പാലക്കാട് ഒറ്റപ്പാലം വരോട് കുളമുള്ളില്‍ വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(25), മൂന്നാം പ്രതി കോഴിക്കോട് കൊടുവള്ളി കൊല്ലാര്‍കുടി കാട്ടുപൊയ്കയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി(30) എന്നിവരാണ് അറസ്റ്റിലായത്.
പൂജപ്പുര ജില്ലാ ജയിലിലെത്തി കോയിപ്രം പോലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന്‍ ഇവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്തതുമാണ്. കേസില്‍ ഒറ്റപ്പാലം വരോട് മുളക്കല്‍ വീട്ടില്‍ മൊയ്ദു സാഹിബ് (20)പോലീസിന്റെ പിടിയിലായിരുന്നു.
തടിയൂര്‍ സ്വദേശിയുടെ പണമാണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടമായത്. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ് ഐ ഷിബുരാജ്, എസ് സി പി ഓ ജോബിന്‍ ജോണ്‍, സി പി ഓമാരായ അരുണ്‍കുമാര്‍, അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.