National
പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന്; കര്‍ണാടകയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
സംഭവത്തില്‍ 19 പേര്‍ക്കെതിരെ കേസെടുത്തു. 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മംഗളൂരു | പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട കൊല. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. കുടുപ്പു എന്ന സ്ഥലത്തെ ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് കഴിഞ്ഞ ദിവസം പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കവേ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കി. 35നും 40നും ഇടയില്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. സംഭവത്തില്‍ 19 പേര്‍ക്കെതിരെ കേസെടുത്തു. 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുപ്പു സ്വദേശി ടി സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.