International
പാര്‍സല്‍ വാങ്ങിയ ബട്ടര്‍ ചിക്കന്‍ കഴിച്ച് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം: മരണകാരണം അനാഫൈലക്‌സിസ് എന്ന അലര്‍ജി
യുവാവ് ബദാം ,നട്‌സ് എന്നിവയോടുള്ള അലര്‍ജിയായ അനാഫൈലക്‌സിസ് ബാധിതനായിരുന്നു.
ഇംഗ്ലണ്ട്| ബട്ടര്‍ ചിക്കന്‍ കറി കഴിച്ചതിനെ തുടര്‍ന്ന് 27കാരന്‍ കുഴഞ്ഞുവീണ് മരിക്കാനിടയായത് അനാഫൈലക്‌സിസ് എന്ന അലര്‍ജി മൂലമെന്ന് കണ്ടെത്തി. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറി സ്വദേശി ജോസഫ് ഹിഗ്ഗിന്‍സണായിരുന്നു ബട്ടര്‍ ചിക്കന്‍ കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. പാര്‍സലായി വാങ്ങിയ ബട്ടര്‍ ചിക്കന്‍ കറി കഴിച്ചയുടനെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു.
ജോസഫ് വാങ്ങിയ ബട്ടര്‍ ചിക്കന്‍ കറിയില്‍ ബദാം അടങ്ങിയിരുന്നു,ഇതാണ് മരണത്തിന് കാരണമായത്. യുവാവ് ബദാം ,നട്‌സ് എന്നിവയോടുള്ള അലര്‍ജിയായ അനാഫൈലക്‌സിസ് ബാധിതനായിരുന്നു. ബട്ടര്‍ ചിക്കനില്‍ അടങ്ങിയ ബദാമിനോടുള്ള അലര്‍ജിയാണ് യുവാവിന്റെ മരണ കാരണമെന്ന് മരണശേഷം നടന്ന അന്വേഷണത്തില്‍ സ്ഥിരീകരണമുണ്ടാവുകയായിരുന്നു.
ബട്ടര്‍ ചിക്കനില്‍ ബദാം അടങ്ങിയത് വ്യക്തമായി മെനുവില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ മുമ്പ് നട്‌സ് അടങ്ങിയ ഭക്ഷണം കഴിച്ചപ്പോള്‍ കാര്യമായ പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന കാരണത്താല്‍ യുവാവ് ബട്ടര്‍ ചിക്കന്‍ കഴിക്കുകയായിരുന്നെന്നാണ് വിലയിരുത്തുന്നത്. 2022 ഡിസംബര്‍ 28നാണ് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണത്. മരിക്കുന്നതിന് ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് ജോസഫിന്റെ അലര്‍ജി കണ്ടെത്തിയിരുന്നത്. എപിപെന്‍ എന്ന അലര്‍ജിക്കെതിരായ ഉപകരണം ജോസഫിന്റെ കൈവശം ഉണ്ടായിരുന്നു. സംഭവസമയം എപിപെന്‍ ഉപയോഗിച്ചിരുന്നെങ്കിലും ജോസഫിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
2022 ഡിസംബര്‍ 28 ന് കുഴഞ്ഞുവീണ ജോസഫ്, 2023 ജനുവരി നാലിനാണ് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് കൊറോണര്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനൊടുവില്‍ മരണകാരണം അലര്‍ജിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം ബട്ടര്‍ ചിക്കനില്‍ ബദാം അടങ്ങിയിട്ടുണ്ടെന്ന് മെനുവില്‍ എഴുതിയിരുന്നതിനാല്‍ ടേക്ക് എവേക്കെതിരെ നടപടികള്‍ സ്വീകിക്കാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി.