Kerala
അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷന്‍ കേസ്
അതിജീവിതകളെ ചാനല്‍ ചര്‍ച്ചയില്‍ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍
കൊച്ചി | ഹണി റോസിനെതിരെ അധിക്ഷേപിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷന്‍. ദിശ എന്ന സംഘടന നല്‍കിയ പരാതിയിലാണ് കേസ്. അതിജീവിതകളെ ചാനല്‍ ചര്‍ച്ചയില്‍ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷന്‍ ഷാജര്‍ ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.
സ്ത്രീത്വത്തെ നിരന്തരമായി വാര്‍ത്താ ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നല്‍കിയത്. ഹണി റോസിന്റെ വസ്ത്രവും ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
ഇത് അംഗീകരിച്ച് കഴിഞ്ഞാല്‍ സോഷ്യല്‍ ഓഡിറ്റിംഗിന് ഹണി റോസിനെ വിധേയമാക്കേണ്ടി വരും. നടിയുടെ വസ്ത്രം സാരിയാണെങ്കിലും ഓവര്‍ എക്‌സ്‌പോസിംഗാണ്. ബോബിയുടെ വാക്കുകള്‍ക്ക് ഡീസെന്‍സി വേണമെന്നത് പോലെ ഹണിയുടെ വസ്ത്രത്തിനും ഡീസെന്‍സി വേണം തുടങ്ങിയ രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശമാണ് കേസിനാധാരം.