Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ കസ്റ്റഡിയില്‍; നവ കേരള സദസില്‍ അദ്ദേഹത്തിന്റെ പേരില്‍ പരാതി

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പരിഹസിക്കാന്‍ ആരെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്തതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Published

|

Last Updated

കോട്ടയം| പോലീസിന്റെ കരുതല്‍ കസ്റ്റഡിയില്‍ ആയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേരിലും നവ കേരള സദസില്‍ പരാതി. കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പരിഹസിക്കാന്‍ ആരെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്തതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ചങ്ങനാശ്ശേരിയിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ടോണി കുട്ടമ്പേരൂരിനെ നവകേരള സദസ്സ് നടന്ന ഡിസംബര്‍ പതിമൂന്നാം തീയതി ഉച്ച കഴിഞ്ഞ് പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തു. അന്ന് വൈകിട്ട് ചങ്ങനാശ്ശേരിയിലെ നവകേരള സദസ്സ് പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും കോട്ടയത്ത് എത്തിയതിനു ശേഷമാണ് തന്നെയും സുഹൃത്തുക്കളെയും സ്റ്റേഷനില്‍ നിന്ന് പോലീസ് വിട്ടതെന്ന് ടോണി പറയുന്നു.

എന്നാല്‍ ഇന്നലെ ടോണിക്ക് ഫോണില്‍ ഒരു സന്ദേശം ലഭിച്ചു. നവകേരള സദസ്സില്‍ താങ്കള്‍ നല്‍കിയ പരാതി കോട്ടയം എഡിഎമ്മിന് കൈമാറി എന്നുള്ള സന്ദേശമായിരുന്നു അത്. നവകേരള സദസിന്റെ വേദി പോലും കണ്ടിട്ടില്ലാത്ത താന്‍ അവിടെ പരാതി നല്‍കി എന്നു പറഞ്ഞ് എത്തിയ സന്ദേശത്തിന്റെ അടിസ്ഥാനമെന്തെന്നാണ് ടോണിയുടെ ചോദ്യം. കാര്യം തിരക്കാന്‍ ചങ്ങനാശ്ശേരിയിലെ നവകേരള സദസ് പരാതികള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസറെ ടോണി വിളിച്ചു. ആരെങ്കിലും പരിഹസിക്കാനായി ടോണിയുടെ നമ്പര്‍ ഉപയോഗിച്ച് കള്ള പരാതി നല്‍കിയത് ആകാമെന്നായിരുന്നു വിശദീകരണം.

നവകേരള സദസില്‍ പരാതി നല്‍കുന്നവരുടെ തിരിച്ചറിയില്‍ രേഖകള്‍ വേദിയില്‍ വെച്ച് പരിശോധിക്കാറില്ലെന്നും അതിനാല്‍ തന്നെ മറ്റുള്ളവരുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് ആരെങ്കിലും ഇല്ലാത്ത പരാതി നല്‍കിയത് ആകാമെന്നുമുള്ള വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ടോണിയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി വിശദമായി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

 

Latest