Connect with us

Kerala

യൂത്ത് കോൺഗ്രസ്സ് നേതാക്കളെ മർദിച്ച സംഭവം: മുഖ്യമന്ത്രിയുടെ ഗൺമാനെ രഹസ്യമായി ചോദ്യം ചെയ്തു

മറ്റ് നടപടികളെടുത്തിട്ടില്ല

Published

|

Last Updated

ആലപ്പുഴ | നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത്‌ കോൺഗ്രസ്സുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന്റെയും സുരക്ഷാ ഉദ്യോഗസ്ഥന്റെയും മൊഴി ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി തിരുവനന്തപുരത്തെത്തി രേഖപ്പെടുത്തി. രണ്ടാഴ്ച മുന്പാണ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തി അതീവ രഹസ്യമായി മൊഴി എടുത്തത്.കോടതി നിർദേശ പ്രകാരം കേസെടുത്ത് അഞ്ച് മാസത്തിന് ശേഷമാണ് മർദിച്ച ഗൺമാന്റെയും സുരക്ഷാ ഉദ്യോഗസ്ഥന്റെയും മൊഴി എടുത്തത്.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ കേസിലെ ഒന്നാം പ്രതിയും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് രണ്ടാം പ്രതിയുമാണ്. കഴിഞ്ഞ ഡിസംബർ 15 നാണ് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വെച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവൽ കുര്യാക്കോസ്, കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരെ ഗൺമാന്റെ നേതൃത്വത്തിൽ മർദിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് കടന്നുപോകുമ്പോൾ പ്രതിഷേധിച്ചതിനായിരുന്നു വാഹനത്തിൽ നിന്നിറങ്ങി നേതാക്കളെ തല്ലിച്ചതച്ചത്.

ഇവർക്കെതിരെ കേസെടുക്കാത്തതിനെ തുടർന്ന് നേതാക്കൾ കോടതിയെ സമീപിക്കുകയും കോടതി നിർദേശ പ്രകാരം ലോക്കൽ പോലീസിൽ നിന്ന് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. മൊഴിയെടുക്കാൻ പലതവണ വിളിച്ചെങ്കിലും തിരക്കാണെന്ന് പറഞ്ഞ് ഗൺമാൻ ഒഴിഞ്ഞു മാറുകയായിരുന്നു. മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നിട്ടില്ലെന്നാണ് സൂചന.

 

Latest