Connect with us

Kerala

പൃഥ്വിരാജ് സിനിമയുടെ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; കലാശിച്ചത് തമ്മില്‍ത്തല്ലില്‍

Published

|

Last Updated

കോട്ടയം | ഷാജി കൈലാസിന്റെ പൃഥ്വിരാജ് സിനിമയുടെ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് റോഡിലാണ് സംഭവം. വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. പൊന്‍കുന്നത്തെ പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ ഇവരെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞതോടെ ഇരു വിഭാഗവും തമ്മില്‍ വാഗ്വാദവും ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കെ എസ് യു ജില്ലാ സെക്രട്ടറിയു ഉള്‍പ്പെടെയുള്ള നേതൃത്വമാണ് മാര്‍ച്ച് തടഞ്ഞത്. ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. നടന്‍ ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ ചിത്രീകരണ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയത്.

ഇന്ധന വില വര്‍ധനക്കെതിരെ വൈറ്റിലയില്‍ നടന്ന ഹൈവേ ഉപരോധവുമായി ബന്ധപ്പെട്ട് ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുണ്ടായ തര്‍ക്കത്തില്‍ സമവായ സാധ്യതകള്‍ മങ്ങിയ അവസ്ഥയിലാണ്. ജോജുവിനെതിരായ നിലപാടില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം ഉറച്ചുനില്‍ക്കുകയാണ്. കൂടുതല്‍ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എറണാകുളം ഡി സി സി. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലാകാനുള്ള ആറ് പ്രതികള്‍ പോലീസ് മുമ്പാകെ ഹാജരാവണോ എന്ന വിഷയത്തില്‍ നാളെ കോണ്‍ഗ്രസ് തീരുമാനമെടുക്കും. ജോജുവിനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമര പരിപാടികള്‍ നടത്തും. ബുധനാഴ്ച മരട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. നാളെ പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ചക്രസ്തംഭന സമരത്തിന് ശേഷമാകും തുടര്‍ന്നുള്ള നിയമ നടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

 

 

---- facebook comment plugin here -----

Latest