Kerala
രഞ്ജിത്ത് താമസിക്കുന്ന റിസോർട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം
റിസോര്‍ട്ട് ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പോലീസ് സംഘമെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും
കല്‍പറ്റ | ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ താമസിക്കുന്ന വയനാട്ടിലെ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി യൂത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
റിസോര്‍ട്ട് ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പോലീസ് സംഘമെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കുമെന്നാണ് വിവരം. രഞ്ജിത്ത് റിസോര്‍ട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ റിസോര്‍ട്ടിലെത്തി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. രഞ്ജിത്ത് ഇന്ത്യകണ്ട പ്രഗത്ഭനായ കലാകാരനാണ്. അരോപണങ്ങളുടെ പേരില്‍ നടപടിയെടുക്കാന്‍ പറ്റില്ലെന്ന് നേരത്തെ സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.തുടര്‍ന്നാണ് പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മങ്കൂട്ടത്തിലും പറഞ്ഞിരുന്നു. രഞ്ജിത്ത് രാജി വെച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പുറത്താക്കണം. സിപിഎമ്മാണ് രഞ്ജിത്തിന് സംരക്ഷണം നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം തനിക്കെതിരായ മോശം പെരുമാറ്റത്തില്‍ സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറയണമെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വ്യക്തമാക്കി. തെറ്റുപറ്റി എന്നെങ്കിലും രഞ്ജിത്ത് സമ്മതിക്കണം. കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തില്‍ നിന്നും ആരെങ്കിലും സഹായിച്ചാല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.