halal
ഹലാല്‍ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ്
ഹലാല്‍ എന്നത് ഭീകരമായ പദമല്ലെന്ന് ശോഭാ സുബിന്‍ പറഞ്ഞു.

കൊടുങ്ങല്ലൂര്‍ | ഹലാല്‍ വിവാദമുയര്‍ത്തി സംഘപരിവാര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതിനിടെ ‘ഹലാല്‍ ഫുഡ് ഫെസ്റ്റുമായി’ യൂത്ത് കോണ്‍ഗ്രസ്. കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ‘ഭക്ഷണത്തില്‍ പോലും വര്‍ഗീയ വിഷം കലര്‍ത്തുന്ന സംഘപരിവാര്‍ അജന്‍ഡകള്‍ക്കെതിരെ, വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ’ എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് ഹലാല്‍ ഫുഡ് ഫെസ്റ്റ് നടത്തിയത്.
കൈപ്പമംഗലത്തെ എറിയാട് ചന്തയില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിന്‍ ഉദ്ഘാടനം ചെയ്തു. ഹലാല്‍ എന്നത് ഭീകരമായ പദമല്ലെന്ന് ശോഭാ സുബിന്‍ പറഞ്ഞു. അനുവദനീയമായ ശുദ്ധമായ ഭക്ഷണം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന പദത്തെ ദുരുപയോഗം ചെയ്ത് മത സ്പര്‍ധയുണ്ടാക്കാനാണ് ബി ജെ പിയും സംഘ് പരിവാറും ശ്രമിക്കുന്നത്. അതനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഹോട്ടലുകളിലുള്ള ഹലാല്‍ ബോര്‍ഡുകള്‍ക്കെതിരെയും ഹലാല്‍ ഭക്ഷണത്തിനെതിരെയും സംഘപരിവാര്‍ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സമരം. പന്നിയിറച്ചിയുമായി ഡി വൈ എഫ് ഐയുടെ ഫുഡ് സ്ട്രീറ്റ് സമരം നടക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം എന്നതും ശ്രദ്ധേയമാണ്. നിയോജക മണ്ഡലം പ്രസിഡന്റ് പി എ മനാഫ് അധ്യക്ഷത വഹിച്ചു. പി കെ മുഹമ്മദ്, പി എച്ച് നാസര്‍, സലീമുദ്ദീന്‍ എന്‍ എസ് സംസാരിച്ചു. ഹഫീസ് ഇല്ലത്ത് ഹസീന, റിയാസ് കെ എന്‍ തമന്ന, ഷെഫി മൂസ, പി കെ ഷഫീര്‍ നേതൃത്വം നല്‍കി.