Connect with us

Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം; മുഖ്യമന്ത്രിയുടെ ഗൺമാന് എതിരെ കേസെടുത്തു

ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോ​ഗസ്ഥൻ സന്ദീപ് എസ്. എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Published

|

Last Updated

ആലപ്പുഴ |നവകേരള യാത്രക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ പോലീസ് കേസെടുത്തു. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോ​ഗസ്ഥൻ സന്ദീപ് എസ്. എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗൺമാനെതിരെ കേസെടുക്കാൻ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി.

അനിൽ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി. 294(ബി), 324, 325 വകുപ്പുകളാണ് ഇരുവർക്കും എതിരെ ചുമത്തിയിരിക്കുന്നത്.

ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷൻ ട്രാഫിക് സിഗ്നലിന് സമീപം ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നവകേരള സദസ്സിന്റെ ബസ് കടന്നുപോകുന്നതിനിടെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അജയ് ജ്യൂവൽ കുര്യാക്കോസിനഉം തോമസിനുമാണ് മർദനമേറ്റത്. മുഖ്യമന്ത്രിയുടെ ബസ് പോയിക്കഴിഞ്ഞ് പിന്നാലെ വന്ന അകമ്പടി വാഹനത്തിലുണ്ടായിരുന്ന അനിൽകുമാർ പുറത്തിറങ്ങി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.

ഇരുവരും ലാത്തി ഉപയോഗിച്ച് പ്രവർത്തകരെ മർദിച്ചുവെന്ന് എഫ് ഐ ആറിൽ ഉണ്ട്. അജയ്ക്കും തോമസിനും തലയ്ക്കും കൈ കാലുകളിലും ഗുരുതര പരിക്കുകൾ ഉണ്ടാക്കിയെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നുണ്ട്.

Latest