Ongoing News
കൗമാര ക്രിക്കറ്റ്: ഇന്ത്യ വീണ്ടും ലോക നെറുകയില്‍
കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്.
ക്വാലാലംപുര്‍ | അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ വീണ്ടും കിരീടം ചൂടി ഇന്ത്യ. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ 10 വിക്കറ്റും നഷ്ടപ്പെടുത്തി 82 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ 11.2 രണ്ടോവര്‍ നേരിട്ടപ്പോള്‍ തന്നെ ഇന്ത്യ ലക്ഷ്യത്തിലെത്തി (84/1). മലയാളി താരം വി ജെ ജോഷിതയും കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ജോഷിത ആറ് വിക്കറ്റ് കൊയ്തു.
മിന്നുന്ന ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ഓപണര്‍ ഗൊംഗദി തൃഷയാണ് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. 33 പന്തില്‍ എട്ട് ഫോറുള്‍പ്പെടെ 44 റണ്‍സെടുത്ത തൃഷ ബൗളിങിലും ഉജ്വല ഫോമിലായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ താരം 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ കടപുഴക്കി. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്നു തൃഷ. സനിക ചാല്‍ക്കെ 22 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ എട്ടു റണ്‍സെടുത്ത ജി കമാലിനിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
തകര്‍പ്പന്‍ ബൗളിംഗിലൂടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ ഇന്ത്യ പിച്ചിച്ചീന്തി. 18 പന്തില്‍ 23 റണ്‍സെടുത്ത മീകെ വാന്‍ വൂര്‍സ്റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വാന്‍ വൂര്‍സ്റ്റ് ഉള്‍പ്പെടെ നാലു പേര്‍ക്കു മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കാണാനായത്. ജെമ്മാ ബോത്ത (16), സിമോണ്‍ ലോറന്‍സ് (പൂജ്യം), ഡയറ രാംലകന്‍ (മൂന്ന്), നായകന്‍ കയ്‌ല റെയ്‌നെകെ (21 പന്തില്‍ ഏഴ്), കരാബോ മീസോ (26 പന്തില്‍ 10), ഫായ് കൗളിങ് (20 പന്തില്‍ 15), നായിഡു (പൂജ്യം), വാന്‍ വയ്ക് (പൂജ്യം), മോണാലിസ (നാലു പന്തില്‍ രണ്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. നൈനി രണ്ടു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കു വേണ്ടി സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ശബ്‌നം ശാകില്‍ ഒരു വിക്കറ്റും നേടി.
2023ല്‍ നടന്ന പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പിലും ഇന്ത്യ ജേതാക്കളായിരുന്നു. കളിച്ച എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യ കലാശത്തിനെത്തിയത്. വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയും ഒമ്പത് വിക്കറ്റിനും മലേഷ്യയെ 10 വിക്കറ്റിനും തകര്‍ത്ത ടീം ബംഗ്ലാദേശിനെ എട്ടുവിക്കറ്റിനും ശ്രീലങ്കയെ 60 റണ്‍സിനും സ്‌കോട്ട്‌ലന്‍ഡിനെ 150 റണ്‍സിനും പരാജയപ്പെടുത്തി.