National
രക്തം കയറ്റിയപ്പോള്‍ യുവാവ് എയ്ഡ് ബാധിച്ച് മരിച്ച സംഭവം: കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
മൊഹാലിയിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ചികിത്സ. ഇവിടെ നിന്ന് കയറ്റിയ രക്തത്തില്‍ നിന്നാണ് എച്ച്‌ഐവി ബാധിച്ചത്.
ഡെറാഡൂണ്‍| ആശുപത്രിയില്‍ നിന്ന് രക്തം കയറ്റിയപ്പോള്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവായത്. സഹാറന്‍പൂര്‍ സ്വദേശിയായ യുവാവ് വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായി മൊഹാലിയിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ചികിത്സ. ഇവിടെ നിന്ന് കയറ്റിയ രക്തത്തില്‍ നിന്നാണ് എച്ച്‌ഐവി ബാധിച്ചത്. തുടര്‍ന്ന് എയ്ഡ്‌സ് ബാധിച്ച് 2017ല്‍ അദ്ദേഹം മരിച്ചു.
2014ല്‍ ഇതേ ആശുപത്രിയില്‍ നിന്നാണ് യുവാവിന്റെ ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. പിന്നീട് ഭാര്യ വൃക്ക ദാനം ചെയ്തു. ഏപ്രില്‍ 2014 മുതല്‍ ജൂലൈ 2017 വരെ ഇവിടെ തന്നെയായിരുന്നു തുടര്‍ ചികിത്സ. അക്കാലയളവില്‍ രോഗിയുടെ രക്തത്തില്‍ അണുബാധ ഇല്ലായിരുന്നു. എന്നാല്‍, 2017 ജൂലൈയില്‍, ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് രോഗിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത അനീമിയ ആയതിനാല്‍ ബ്ലഡ് ബാങ്കില്‍ നിന്ന് അദ്ദേഹത്തിന് രണ്ട് യൂണിറ്റ് രക്തം നല്‍കി. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 2017 ഓഗസ്റ്റ് 3 ന് ഡെറാഡൂണിലെ സിനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരിച്ചു.
മരണകാരണം എയ്ഡ്‌സ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഭാര്യ മൊഹാലിയിലെ ആശുപത്രിക്കെതിരെ നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു. വിഷയം അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. 2022 ജനുവരി മൂന്നിന്, ബോര്‍ഡിന്റെ കണ്ടെത്തലുകള്‍ കണക്കിലെടുത്ത് കോടതി നഷ്ടപരിഹാരമായി 10 ലക്ഷം നല്‍കണമെന്ന് ഉത്തരവിട്ടു. 30 ദിവസത്തിനുള്ളില്‍ ആശുപത്രി പണം നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, ഉത്തരവിനെതിരെ ആശുപത്രി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് രോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാര തുക നല്‍കണമെന്ന കോടതി ഉത്തരവ്.