Kerala
കരുനാഗപ്പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; കൊലയ്ക്കു മുമ്പ് റിഹേഴ്‌സല്‍ നടത്തിയെന്ന് പോലീസ്
ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു കൊല നടത്തേണ്ട രീതി പരിശീലിച്ചതെന്നാണ് വിവരം.

കൊല്ലം| കൊല്ലം കരുനാഗപ്പള്ളിയില്‍ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ കൊല നടത്തുന്നതിന് മുമ്പ് റിഹേഴ്‌സല്‍ നടത്തിയെന്ന് പോലീസ്. ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു കൊല നടത്തേണ്ട രീതി പരിശീലിച്ചതെന്നാണ് വിവരം. മനു ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. മനുവിന്റെ വീട്ടില്‍ വെച്ചുനടന്ന പരിശീലനത്തിനുശേഷം കാറിലാണ് പ്രതികള്‍ കൊലപാതകം നടത്താന്‍ എത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ പ്രധാന പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
കേസിലെ അഞ്ച് പ്രതികളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ടിരുന്നു. അതുല്‍, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരുടെയും ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജിന്റെയും ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പ്രതികള്‍ ഒളിവിലാണുള്ളത്. പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷിനെ അക്രമി സംഘം വെട്ടിക്കൊന്നത്.
2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഇയാളെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് നിഗമനം. അമ്മയും സന്തോഷും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആക്രമണത്തിന് ഇരയായ സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കേസില്‍ ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ച് പ്രതികളില്‍ നാലുപേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണ്. ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്നയാളാണ് പങ്കജ്. പങ്കജിനെ നേരത്തെ കൊല്ലപ്പെട്ട സന്തോഷ് ആക്രമിച്ചിരുന്നു. ഈ കേസിലാണ് വധശ്രമം ഉള്‍പ്പെടെ ചുമത്തപ്പെട്ട സന്തോഷ് ജയിലില്‍ കഴിഞ്ഞത്. പങ്കജിനെ സന്തോഷ് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായി സന്തോഷിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.