Kerala
തബ്‍ലീഗ് സമ്മേളനത്തിലും യുവജന നേതാവ് സ്വാദിഖലി തങ്ങള്‍; ഇ കെ വിഭാഗത്തിന് പ്രതിരോധിക്കാനാകുന്നില്ല
അണികള്‍ക്ക് നവീന പ്രസ്ഥാനങ്ങള്‍ക്കെതിരെ അവബോധം നല്‍കുമ്പോഴും സമുന്നത നേതാക്കളെ ഇത്തരം പരിപാടികളില്‍ നിന്ന് നിയന്ത്രിക്കാനാകാത്തത് ചേരിതിരിവിന് ഇടയാക്കിയിട്ടുണ്ട്
പത്തനംതിട്ട | മുസ്ലിംകളിലെ അവാന്തര വിഭാഗമായ തബ്‍ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിലും അതിഥിയായി പങ്കെടുത്ത് ഇ കെ വിഭാഗം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റും ലീഗ് രൂപവത്കരിച്ച ഖാളി ഫൗണ്ടേഷന്‍ നേതാവുമായ സയ്യിദ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. വഹാബി, മൗദൂദി പരിപാടികളില്‍ പ്രത്യക്ഷമായും പരോക്ഷമായും പാണക്കാട് തങ്ങള്‍മാര്‍ പങ്കെടുക്കുന്നതിനെതിരെ ഇ കെ വിഭാഗത്തിലുള്‍പ്പെടെ അമര്‍ഷം ഉയരുന്നതിനിടെയാണ് സ്വന്തം പണ്ഡിത സഭയെ ധിക്കരിച്ച് തബ്‍ലീഗ് ജമാഅത്തിന്റെ പരിപാടിയില്‍ സ്വാദിഖലി തങ്ങള്‍ തന്നെ പങ്കെടുത്തത്.
തബ്‍ലീഗ് നേതാവ് മൂസ മൗലവി സ്ഥാപിച്ച പത്തനംതിട്ടയിലെ കശ്ശാഫുല്‍ ഉലൂം അറബിക് കോളജിന്റെ ബിരുദ ദാന സമ്മേളനത്തിലാണ് ഞായറാഴ്ച സ്വാദിഖലി തങ്ങള്‍ പങ്കെടുത്തത്. വിദഗ്ധ പണ്ഡിത സമിതി പഠിച്ച് റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് 1965 ഒക്ടോബര്‍ 16ന് ചേര്‍ന്ന സമസ്ത മുശാവറ യോഗം തബ്‍ലീഗ് ജമാഅത്ത് നവീന പ്രസ്ഥാനമാണെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മറ്റ് നവീന പ്രസ്ഥാനങ്ങളോടുള്ള അതേ സമീപനം തബ്ലീഗിനോടും തുടരണമെന്ന് തീരുമാനിച്ചിരുന്നു.
‘ആദര്‍ശം അമാനത്താണ്’ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ഇ കെ വിഭാഗം ആദര്‍ശ സമ്മേളനം നടത്തി മുസ്ലിംകളിലെ നവീനവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രചാരണം ശക്തമാക്കുന്നുണ്ട്. അണികള്‍ക്ക് നവീന പ്രസ്ഥാനങ്ങള്‍ക്കെതിരെ അവബോധം നല്‍കുമ്പോഴും സംഘടനയുടെ സമുന്നത നേതാവും പോഷകസംഘടനയുടെ സംസ്ഥാന പ്രസിഡന്റും സയ്യിദുമായ പാണക്കാട് തങ്ങള്‍മാരെ ഇത്തരം പരിപാടികളില്‍ നിന്ന് നിയന്ത്രിക്കാനാകാത്തത് ഇ കെ സമസ്തക്കുള്ളില്‍ ചേരിതിരിവിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മരണപ്പെട്ട വഹാബി സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വീട്ടിലെത്തി സ്വാദിഖലി തങ്ങള്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയതും വിവാദമായിരുന്നു.
മുമ്പ് വഹാബി സമ്മേളനത്തില്‍ പങ്കെടുത്തതിനെതിരെ ഇ കെ സമസ്ത പാണക്കാട് സ്വാദിഖലി തങ്ങളോട് അതൃപ്തി അറിയിച്ചിരുന്നു. പണ്ഡിതസഭയെ ധിക്കരിച്ച് ഇത്തരം പരിപാടികളില്‍ പങ്കെടുക്കില്ലെന്നായിരുന്നു അന്ന് സ്വാദിഖലി തങ്ങള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ സമീപകാലത്ത് സ്വാദിഖലി തങ്ങളുള്‍പ്പെടെ ചില പാണക്കാട് തങ്ങള്‍മാര്‍ ഇത്തരം പരിപാടികളില്‍ ഭാഗവാക്കാവുകയാണ്. ആദര്‍ശ വ്യതിയാനത്തെ തുടര്‍ന്ന് ഇ കെ വിഭാഗം ബഹിഷ്‌കരിച്ച വാഫി- വഫിയ്യയുടെ സമ്മേളനത്തിലും സ്വാദിഖലി തങ്ങളുള്‍പ്പെടെ പങ്കെടുക്കുകയും ഇവരുടെ ആശയപ്രചാരണം നടത്തുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ സ്വാദിഖലി തങ്ങളുടെ ഇരട്ടത്താപ്പിനെതിരെ പ്രവര്‍ത്തകര്‍ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ തങ്ങള്‍ ചെയ്യുന്ന ദീനീ ആദര്‍ശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തിരുത്തുന്നതിന് പകരം അതിനെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്ത് കൂടെ നടക്കുന്ന യഥാര്‍ത്ഥ ശത്രുക്കളെ തിരിച്ചറിയാന്‍ വൈകുന്നത് കൂടുതല്‍ അപകടങ്ങളിലേക്കെത്തിക്കുമെന്ന് ഇ കെ വിഭാഗം നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. വഹാബി നേതാവിന് മയ്യിത്ത് നിസ്കരിച്ചതിനെതിരെ ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂല പണ്ഡിതനായ മുസ്ഥഫല്‍ ഫൈസി തന്നെ രംഗത്തെത്തിയിരുന്നു.