Connect with us

National

യൂത്ത് ലീഗ് നേതാക്കള്‍ സംഭല്‍ ഷാഹി മസ്ജിദില്‍

കൊല്ലപ്പെട്ടവരുടെ വീടുകള്‍ക്ക് മുന്നിലെല്ലാം പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് സന്ദര്‍ശകരെ വിലക്കുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | സംഘര്‍ഷാവസ്ഥ വിട്ടുമാറാതെ കനത്ത പോലീസ് ബന്തവസില്‍ തുടരുന്ന ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദര്‍ശിച്ചു. സംഭല്‍ ഷാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കള്‍ പോലീസ് വെടിവെച്ചു കൊന്ന അഞ്ച് മുസ്ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു.

യൂത്ത് ലീഗ് ദേശീയ പ്രസിഡൻ്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാന്‍, സെക്രട്ടറി സി കെ ശാക്കിര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഭരണകൂട ഒത്താശയോടെ മസ്ജിദുകള്‍ കൈയേറാനുള്ള സംഘ്പരിവാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന ജനാധിപത്യ- നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ സംഭലിലെത്തിയത്.

ഷാഹി മസ്ജിദില്‍ ഇശാ നിസ്‌കാരത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കള്‍ ഇമാം ഹാഫിസ് മുഹമ്മദ് ഫഹീമുമായി സംസാരിച്ചു. സര്‍വേക്ക് എത്തിയ പോലീസും ഉദ്യോഗസ്ഥരും പരുഷമായാണ് പെരുമാറിയതെന്ന് അന്ന് പള്ളിയില്‍ ഉണ്ടായിരുന്ന മുഹമ്മദ് ഫഹിം പറഞ്ഞു.

പോലീസ് വെടിവെപ്പ് നടത്തിയ സമയത്ത് മാര്‍ക്കറ്റില്‍ പോയി വരികയായിരുന്ന മൂന്ന് യുവതികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം പേര്‍ മുറാദാബാദ് ജയിലിലാണ്. നിരവധി പേരെ ഇപ്പോഴും പോലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. ഇവരുടെ വസതികളിലും യൂത്ത് ലീഗ് നേതാക്കള്‍ എത്തിയെങ്കിലും കുടുംബങ്ങളെല്ലാം പോലീസ് വേട്ട ഭയന്ന് വീട് അടച്ചുപൂട്ടി പോയിരിക്കുന്നതാണ് കണ്ടത്. കൊല്ലപ്പെട്ടവരുടെ വീടുകള്‍ക്ക് മുന്നിലെല്ലാം പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് സന്ദര്‍ശകരെ വിലക്കുകയാണ്. നഗരത്തിലും ഷാഹി മസ്ജിദിന് ചുറ്റും കനത്ത പോലീസ് കാവലുണ്ട്.

മുസ്ലിം ലീഗ് യു പി സംസ്ഥാന സെക്രട്ടറി ഡോ. കലിം അഷ്‌റഫ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിം തുര്‍ക്കി, സംഭല്‍ സിറ്റി യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് സുല്‍ഫിക്കര്‍ മുന്ന, അന്‍സാരി ഖൈര്‍, മുഹമ്മദ് സലിം എന്നിവര്‍ നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.

Latest