Kerala
'ദി കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്
വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമയെന്നും സംവിധായകനെതിരെ കേസെടുക്കണമെന്നും പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്നും യൂത്ത് ലീഗ്
കോഴിക്കോട് | ‘ദി കേരള സ്റ്റോറി’ സിനിമക്കെതിരെ മുസ്ലിം യൂത്ത് ലീഗ്. വിവിധ മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമയെന്നും സംവിധായകന്‍ സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും പ്രദര്‍ശനത്തിന് അനുമതി നല്‍കാന്‍ പാടില്ലെന്നും മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ വേണ്ടി മുസ്്‌ലിംകള്‍ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്പോണ്‍സേര്‍ഡ് സിനിമയാണിത്. അങ്ങനെയെങ്കില്‍ ഇത് ആവിഷ്‌കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. ശക്തമായ നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.