Uae
യു എ ഇയിലെ തൊഴിൽ ശക്തിയിൽ 51 ശതമാനത്തിലധികം യുവാക്കൾ
സ്ത്രീ പങ്കാളിത്തത്തിൽ 21 ശതമാനം വർധന.
അബൂദബി| കഴിഞ്ഞ വർഷം യു എ ഇ തൊഴിൽ ശക്തി 12.04 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചതായും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ). മന്ത്രാലയം പ്രസിദ്ധീകരിച്ച പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, യു എ ഇയിലെ മൊത്തം തൊഴിൽ ശക്തിയുടെ 51.86 ശതമാനം യുവാക്കളാണ്. യുവാക്കൾക്ക് തൊഴിൽ, പരിശീലന അവസരങ്ങൾ നൽകുന്നതിനും സമ്പദ്്വ്യവസ്ഥയുടെ വികസനത്തിന് സംഭാവന നൽകാൻ കഴിവുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് മൊഹ്റെ പറഞ്ഞു.
തൊഴിൽ വിപണിയിലെ കമ്പനികൾ 17.04 ശതമാനം വളർച്ചാ നിരക്ക് ഉണ്ടായതായും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. അതേസമയം, കമ്പനികൾക്കിടയിലുള്ള തൊഴിൽമാറ്റ നിരക്ക് ഒമ്പത് ശതമാനമായിരുന്നു. ഇത് യു എ ഇയിലെ തൊഴിലാളികൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തെ പ്രതിഫലിപ്പിക്കുന്നു.
തൊഴിൽ ശക്തിയിൽ സ്ത്രീ പങ്കാളിത്തം 20.95 ശതമാനം ഗണ്യമായ വർധനവ് രേഖപ്പെടുത്തി. സ്ത്രീകളെ ശാക്തീകരിക്കുന്നതിലും എല്ലാ മേഖലകളിലും അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലും യു എ ഇ നയങ്ങളുടെ വിജയത്തെ അടിവരയിടുന്നതാണ് ഇതെന്ന് അധികൃതർ പറഞ്ഞു. നൈപുണ്യമുള്ള തൊഴിലാളികളുടെ എണ്ണത്തിൽ 13.23 ശതമാനം വർധനവ് ഉണ്ടായതായി ഡാറ്റ കാണിക്കുന്നു. തൊഴിലാളികളുമായും തൊഴിലുടമകളുമായും ഒരുപോലെ ഇടപെടുന്നതിൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനും ഭരണ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും വിപുലമായ ഇലക്ട്രോണിക് സംവിധാനങ്ങളും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്.