Kerala
പോക്‌സോ കേസില്‍ യുവാവിന് 43 വര്‍ഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും
പിഴത്തുക കുട്ടിക്ക് നല്‍കണം

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 43 വര്‍ഷം കഠിനതടവും 3,25, 000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി. തിരുവല്ല കോട്ടത്തോട് ആദിത്യന്‍ എന്ന് വിളിക്കുന്ന കെ എസ് സരുണ്‍(20)നെയാണ് സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ ഹസീന പങ്കാളിയായി. 2023 നവംബര്‍ 30നാണ് കുട്ടി പീഡനത്തിന് ഇരയായത്. തിരുവല്ല മാഞ്ഞാടിയിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ വച്ച് പരിചയപ്പെട്ട് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ പ്രതി സംഭവ ദിവസം സ്‌കൂട്ടറില്‍ മാഞ്ഞാടിയില്‍ നിന്നും കയറ്റിക്കൊണ്ടുപോയി ഇയാളുടെ വാടകവീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
അന്നത്തെ എസ് ഐ അനീഷ് എബ്രഹാം ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതും പ്രതിയെ പിടികൂടിയതും. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്‍, അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും തുകയടച്ചില്ലെങ്കില്‍ 10 മാസം കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.