Kerala
പീഡന കേസില്‍ യുവാവിന് 75 വര്‍ഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും
പിഴ സംഖ്യ അതിജീവിതക്ക് നല്‍കാനും ഉത്തരവായി
![](https://assets.sirajlive.com/2025/02/u.jpg)
മഞ്ചേരി | 16കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 75 വര്‍ഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ പടനെല്ലിമ്മല്‍ വീട്ടില്‍ നുഅ്മാനെയാണ് (23) മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അശ്്റഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവും അനുഭവിക്കണം. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുന്ന പക്ഷം പിഴ സംഖ്യ അതിജീവിതക്ക് നല്‍കാനും ഉത്തരവായി. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ട പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു.
2022 മെയ് മുതല്‍ 2023 മെയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. മൊബൈല്‍ ഫോണ്‍ വഴി പ്രണയം നടിച്ച് യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് കേസ്. വാഴക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ രാജന്‍ബാബു ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.