Connect with us

National

ഹോളി ആഘോഷത്തില്‍ വര്‍ണപ്പൊടികള്‍ ദേഹത്ത് എറിയുന്നത് തടഞ്ഞു; രാജസ്ഥാനില്‍ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്ന ഹന്‍സ് രാജ് ലൈബ്രറിയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ജയ്പുര്‍|രാജസ്ഥാനില്‍ ഹോളി ആഘോഷത്തിന് മുന്നോടിയായി നടന്ന ആഘോഷത്തില്‍ വര്‍ണപ്പൊടികള്‍ ദേഹത്ത് എറിയുന്നത് തടഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹന്‍സ് രാജ് (25) ആണ് കൊല്ലപ്പെട്ടത്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്ന ഹന്‍സ് രാജ് ലൈബ്രറിയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ലൈബ്രറിയില്‍ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹന്‍സ് രാജിന്റെ അടുത്തേക്ക് വര്‍ണപ്പൊടികളുമായി പ്രതികള്‍ എത്തുകയായിരുന്നു. പ്രതികളോട് തന്റെ ദേഹത്തേക്ക് വര്‍ണപ്പൊടികള്‍ വിതറരുതെന്ന് ഹന്‍സ് രാജ് പറഞ്ഞു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ ഹന്‍സിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരത്തോടയാണ് സംഭവമുണ്ടായത്. റാല്‍വാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങള്‍ക്കായി ലൈബ്രറിയിലെത്തിയത്. വര്‍ണപൊടികള്‍ വിതറുന്നത് തടഞ്ഞ ഹന്‍സ് രാജിനെ മൂവരും ചേര്‍ന്ന് ആദ്യം ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു എഎസ്പി ദിനേശ് അഗര്‍വാള്‍ പറഞ്ഞു. സംഭവത്തില്‍ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വ്യാഴാഴ്ച ഹന്‍സ് രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച പുലര്‍ച്ചെ 1 മണി വരെ ദേശീയ പാത ഉപരോധിച്ചു.

ഹന്‍സ് രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, പ്രതികളായ മൂന്ന് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍. പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം ഒടുവില്‍ റോഡില്‍ നിന്ന് മാറ്റി.

 

Latest