Kerala
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് എം ഡി എം എ വിഴുങ്ങിയതായി സംശയം
താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസ് ആണ് എം ഡി എം എ വിഴുങ്ങിയതായി സംശയിക്കുന്നത്.

കോഴിക്കോട് | മയക്കുമരുന്ന് ലഹരിയില്‍ വീട്ടില്‍ ബഹളമുണ്ടാക്കിയതിന് പോലീസ് പിടികൂടിയ യുവാവ് എം ഡി എം എ വിഴുങ്ങിയതായി സംശയം. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസ് ആണ് എം ഡി എം എ വിഴുങ്ങിയതായി സംശയിക്കുന്നത്. ഫായിസ് വീട്ടില്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചുടലമുക്കിലെ ഇയാളുടെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി ഇയാള്‍ കൈയിലുണ്ടായിരുന്ന എം ഡി എം എ വിഴുങ്ങിയതായാണ് സംശയിക്കുന്നത്.
ഈ മാസമാദ്യം താമരശ്ശേരി പരിസരത്തെ മറ്റൊരു യുവാവ് പോലീസിനെ കണ്ട് എം ഡി എം എ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയതോടെ മരണപ്പെട്ടിരുന്നു. കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടന്‍ ഹൗസില്‍ എ എസ് ഷാനിദ് (28) ആണ് മരിച്ചത്. പാക്കറ്റ് പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നടത്താനിരിക്കേ ഷാനിദ് മരണപ്പെടുകയായിരുന്നു. ഇയാളുടെ സുഹൃത്താണ് ഫായിസ് എന്ന് പോലീസ് സംശയിക്കുന്നുണ്ട്.