Pathanamthitta
മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി; യുവാവിനെ സുരക്ഷിതമായി താഴെയിറക്കി ഫയർ ഫോഴ്‌സ് സംഘം
കൈപ്പട്ടൂർ ജംഗ്ഷന് സമീപം 70 മീറ്ററോളം ഉയരമുള്ള ബിഎസ്എൻഎൽ മൊബൈൽ ടവറിൽ കയറിയാണ് സുശീലൻ ആത്മഹത്യ ഭീഷണി മുഴക്കിയത്.
പത്തനംതിട്ട | കൈപ്പട്ടൂർ മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പത്തനംതിട്ട ഫയർ ഫോഴ്‌സ് സംഘം സുരക്ഷിതമായി താഴെയിറക്കി. പത്തനംതിട്ട ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ അഭിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ രക്ഷിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ കൈപ്പട്ടൂർ ജംഗ്ഷന് സമീപം 70 മീറ്ററോളം ഉയരമുള്ള ബിഎസ്എൻഎൽ മൊബൈൽ ടവറിൽ കയറിയാണ് സുശീലൻ ആത്മഹത്യ ഭീഷണി മുഴക്കിയത്.
വിവരമറിഞ്ഞ് എത്തിയ പത്തനംതിട്ട ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രദീപ്, ഓഫീസർമാരായ അമൽ ചന്ദ്, മനോജ് എന്നിവർ ടവറിന് മുകളിൽ കയറി സുശീലനുമായി അരമണിക്കൂറോളം സംസാരിച്ച് അനുനയിപ്പിച്ചതോടെയാണ് യുവാവിനെ താഴെയിറക്കാന്‍ സാധിച്ചത്.
സേഫ്റ്റി ഹാർനസ് റോപ്പ് എന്നിവയുടെ സഹായത്തോടുകൂടിയാണ് സുശീലിനെ സുരക്ഷിതമായി താഴെയിറക്കിയത്.രക്ഷാപ്രവർത്തനത്തിൽ ഓഫീസർമാരായ അജിലേഷ്, അജു, ഹോം ഗാർഡുമാരായ വിനയചന്ദ്രൻ, നസീർ എന്നിവർ പങ്കെടുത്തു.