Connect with us

Kerala

മലയില്‍ കുടുങ്ങിയ യുവാവിനായുള്ള ഹെലികോപ്ടർ ദൗത്യം പരാജയപ്പെട്ടു; പർവതാരോഹകർ ഉടനെയെത്തും

ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന.

Published

|

Last Updated

പാലക്കാട് | ജില്ലയിലെ കറുപ്പാച്ചിമലയില്‍ കാല്‍വഴുതി വീണ് കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ഹെലികോപ്ടർ ദൗത്യം പരാജയപ്പെട്ടു. കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്ടറിന് യുവാവുള്ള സ്ഥലത്ത് ഇറങ്ങാൻ സാധിച്ചില്ല. ചെങ്കുത്തായ പാറയുടെ ഇടുക്കിലാണ് യുവാവ് ഉള്ളതാണ് കാരണം. അതേസമയം, കോഴിക്കോട് നിന്നുള്ള വിദഗ്ധ പർവതാരോഹക സംഘം ഉടനെ ഇവിടെയെത്തും. ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന.

മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) ആണ് കഴിഞ്ഞ 24 മണിക്കൂറായി ഇവിടെ കുടുങ്ങി കിടക്കുന്നത്. അഗ്‌നിരക്ഷാ സേനയും മലമ്പുഴ പോലീസും ബാബുവിനെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. തൃശൂരില്‍ നിന്നും എന്‍ ഡി ആര്‍ എഫ് സംഘവും പുറപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ബാബു കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്കു പോയിട്ടുണ്ട്. വീഴ്ചയില്‍ ബാബുവിന്റെ കാലിനു പരുക്കുണ്ട്.

കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ബാബു, താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്തു സുഹൃത്തുക്കള്‍ക്കും പോലീസിനും അയച്ചു കൊടുത്തിട്ടുണ്ട്.എന്നാൽ വൈകുന്നേരത്തോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. അതേസമയം, രാത്രി മൊബൈൽ ഫ്ലാഷ് ലൈറ്റ് യുവാവ് തെളിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തു വന്യ മൃഗശല്യവും രൂക്ഷമാണ്.