Kerala
താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍
മുംബൈയില്‍ നിന്ന് മടങ്ങിയ റഹിമിനെ തിരൂരില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം|താനൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍. എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിമിനെ തിരൂരില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം താനൂരില്‍ നിന്ന് നാടുവിട്ട് മുംബൈയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടും. കുട്ടികള്‍ ഉല്ലാസത്തിനുവേണ്ടി മാത്രമാണ് മുംബൈയില്‍ വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനമെന്ന് എസ്ഐ സുജിത്ത് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും പോലീസ് നല്‍കും. വീട് വിട്ടിറങ്ങിയതില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് നാട്ടിലെത്തിയശേഷം വിശദമായി അന്വേഷിക്കുമെന്നും എസ് ഐ പറഞ്ഞു.
പനവേലില്‍ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് ഇവര്‍ കേരളത്തിലേക്ക് വരുന്നത്. മുംബൈയില്‍ നിന്ന് റോഡ്മാര്‍ഗമാണ് പൂനെയിലേക്ക് എത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായത്. സ്‌കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്.
കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്നാണ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റെയില്‍വേ പോലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.കുട്ടികളുമായി വീഡിയോ കോള്‍ വഴി സംസാരിച്ചുവെന്നും ഇരുവരും സുരക്ഷിതരാണെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതികരിച്ചിരുന്നു. മക്കളെ കണ്ടെത്താന്‍ സഹായിച്ച പോലീസിനോട് രക്ഷിതാക്കള്‍ നന്ദിയും കടപ്പാടും അറിയിച്ചിരുന്നു.