Kerala
കടുവയെക്കണ്ടെന്നു വ്യാജ ദൃശ്യം പ്രചരിപ്പിച്ച യുവാവ് കുടുങ്ങി
കരുവാരകുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെതിരെ വനംവകുപ്പ് പോലീസില്‍ പരാതി നല്‍കി

മലപ്പുറം | കരുവാരക്കുണ്ടില്‍ കടുവയെ നേര്‍ക്കുനേര്‍ കണ്ടെന്ന നിലയില്‍ വ്യാജ ദൃശ്യമുണ്ടാക്കി ഭീതിപടര്‍ത്തിയ യുവാവിനെതിരെ വനംവകുപ്പ് പോലീസില്‍ പരാതി നല്‍കി. കരുവാരകുണ്ട് മണിക്കനാംപറമ്പില്‍ ജെറിന്‍ ആണ് കരുവാരക്കുണ്ടില്‍ ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയെ നേര്‍ക്കുനേര്‍ കണ്ടെന്നു പ്രചരിപ്പിച്ചത്.
യാത്രക്കിടെ വഴിയില്‍ കടുവയെ കണ്ടുവെന്നും കടുവ ആക്രമിക്കില്ലെന്ന് തോന്നിയതോടെ വാഹനം നിര്‍ത്തി കടുവയുടെ ദൃശ്യം പകര്‍ത്തിയെന്നും കടുവ കാട്ടിലേക്ക് മറഞ്ഞതോടെ യാത്ര തുടര്‍ന്നെന്നുമാണ് ജെറിന്‍ അവകാശപ്പെട്ടത്. എന്നാല്‍, അന്വേഷണം പുരോഗമിച്ചതോടെ പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒയോട് ജെറിന്‍ സമ്മതിച്ചു.
മാധ്യമങ്ങള്‍ ആവശ്യപ്പെട്ടതിനാലാണ് ദൃശ്യങ്ങള്‍ നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു.
വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാവിനെതിരെ വനം വകുപ്പ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.