Techno
യൂട്യൂബ് തട്ടിപ്പ്; മുംബൈ സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.3 കോടി രൂപ
യൂട്യൂബ് വീഡിയോകള്‍ കണ്ടാലും ലൈക്ക് ചെയ്താലും ഉയര്‍ന്ന വരുമാനം നല്‍കാമെന്ന് പറഞ്ഞാണ് സൈബര്‍ തട്ടിപ്പ് നടത്തിയത്.
മുംബൈ| യൂട്യൂബ് വീഡിയോകള്‍ കണ്ടാല്‍ പണം സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കി കോടികള്‍ തട്ടുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. മുംബൈയില്‍ നിന്നുള്ള 47 കാരനാണ് ഈ തട്ടിപ്പിലെ പുതിയ ഇരയെന്നാണ് വാര്‍ത്തകള്‍. 1.3 കോടി രൂപയാണ് മാര്‍ക്കറ്റിങ് കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ക്ക് നഷ്ടമായത്. സംഭവത്തില്‍ മുംബൈ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
യൂട്യൂബ് വീഡിയോകള്‍ കണ്ടാലും ലൈക്ക് ചെയ്താലും ഉയര്‍ന്ന വരുമാനം നല്‍കാമെന്ന് പറഞ്ഞാണ് സൈബര്‍ തട്ടിപ്പ് നടത്തിയത്. പരാതിക്കാരനെകൊണ്ട് ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 25 വ്യത്യസ്ത ബേങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു.
പാര്‍ട്ട് ടൈം ജോലിയിലൂടെ പ്രതിദിനം 5,000 മുതല്‍ 7,000 രൂപ വരെ സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കി വാട്‌സ്ആപ്പിലൂടെയാണ് പ്രതികള്‍ മുംബൈ സ്വദേശിയെ ബന്ധപ്പെട്ടത്. തങ്ങള്‍ അയച്ച് തരുന്ന വീഡിയോകള്‍ കാണുന്നതും അത് ലൈക്ക് ചെയ്യുന്നതുമാണ് ജോലിയെന്നാണ് തട്ടിപ്പുകാര്‍ ഇരയെ ബോധ്യപ്പെടുത്തിയത്. വീഡിയോ ലൈക്ക് ചെയ്ത ശേഷം സ്‌ക്രീന്‍ഷോട്ട് എടുത്ത് അതേ നമ്പറിലേക്ക് തന്നെ അയയ്ക്കുകയാണ് വേണ്ടതെന്നും തട്ടിപ്പുകാര്‍ നിര്‍ദേശം നല്‍കി. രജിസ്‌ട്രേഷന്‍ ഫീസ് എന്ന നിലയില്‍ 5,000 രൂപ അടച്ച് നിര്‍ദേശങ്ങള്‍ പാലിച്ചതോടെ മുംബൈ സ്വദേശിക്ക് വാട്‌സ്ആപ്പില്‍ യൂട്യൂബ് ലിങ്കുകള്‍ ലഭിച്ച് തുടങ്ങി. വീഡിയോകള്‍ കാണാനും ലൈക്ക് ചെയ്യാനും ആരംഭിച്ചതോടെ ഇരയുടെ അക്കൗണ്ടില്‍ 10,000 രൂപയും എത്തി.
തുടര്‍ന്ന് കമ്പനിയില്‍ പണം നിക്ഷേപിക്കാനും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. നിക്ഷേപം നടത്തുന്നതിനൊപ്പം നല്‍കുന്ന വിവിധ ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാല്‍ നല്ല ലാഭം നേടാമെന്നും അവര്‍ ഇരയെ പറഞ്ഞ് വിശ്വസിപ്പിച്ചു. നിര്‍ദേശങ്ങള്‍ പാലിച്ച മുംബൈ സ്വദേശി പലപ്പോഴായി 1.3 കോടി രൂപയാണ് തട്ടിപ്പുകാര്‍ക്ക് കൈമാറിയത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ജോലി കൃത്യമായി ചെയ്തില്ലെന്നും അതിനാല്‍ കൂടുതല്‍ പണം നല്‍കണമെന്നുമായിരുന്നു പ്രതികളുടെ നിലപാട്. ഇര പണമയച്ച 25 അക്കൗണ്ടുകളും വ്യാജ കമ്പനികളുടെ പേരിലുള്ളതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.