Kerala
പോക്‌സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിൽ
നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ കേസിലെ ഇരയായ നാല് വയസുകാരിയുടെ പേരാണ് വെളിപ്പെടുത്തിയത്

മലപ്പുറം | പോക്‌സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബറെ അറസ്റ്റ് ചെയ്തു. മലപ്പുറം കക്കാടംപുരം സ്വദേശി നവാസ് ആണ് പിടിയിലായത്. നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ കേസിലെ ഇരയായ നാല് വയസുകാരിയുടെ പേരാണ് ഡിഫറന്റ് ആംഗിൾ എന്ന യൂട്യൂബ് ചാനൽ വഴി ഇയാൾ വെളിപ്പെടുത്തിയത്.
നഗരത്തിലെ വീട്ടിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരായ കേസ്. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് അഞ്ച് വർഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കേസിൽ ജയചന്ദ്രൻ മുൻകൂർ ജാമ്യം തേടി നൽകിയ അപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്ന് അപ്പീലുമായി കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ പരിഗണിച്ച കോടതി കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞു.
അന്വേഷണവുമായി സഹകരിക്കണമെന്ന നിർദേശത്തോടെ ഒരു മാസത്തേക്കാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത്.