National
വൈഎസ് ശര്‍മിളയെ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുത്തു
എഐസിസി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അമരാവതി| വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മിളയെ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിതെരഞ്ഞെടുത്തു. എഐസിസി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തു നിന്നും ഗിഡുഗു രുദ്ര രാജു അധ്യക്ഷ പദവി രാജിവച്ചു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതില്‍ പ്രത്യേക ക്ഷണിതാവാക്കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ മാസമാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയായ വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെലങ്കാനയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് ശര്‍മിള വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.