National
വൈ എസ് ശര്‍മിള ആന്ധ്ര കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ചുമതലയേറ്റു
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണത്തില്‍ ആന്ധ്രപ്രദേശില്‍ വികസനം ഇല്ലാതായെന്നും സംസ്ഥാനം കടക്കെണിയിലായെന്നും ശര്‍മിള
അമരാവതി | ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയായി വൈ എസ് ശര്‍മിള ചുമതലയേറ്റു. വിജയവാഡയിലെ ഗന്നവരം വിമാനത്താവളത്തില്‍ ശര്‍മിളക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ഒരുക്കിയത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ മകളും ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണ് വൈ എസ് ശര്‍മിള. ജനുവരി നാലിനാണ് ശര്‍മിള തന്റെ വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസുമായി ഔദ്യോഗികമായി ലയിപ്പിച്ചത്.
കാനൂരില്‍ നടന്ന ഒരു യോഗത്തില്‍ ജഗന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ശര്‍മിള സംസാരിച്ചു. ജഗന് സര്‍ക്കാരിന് കീഴില്‍ ആന്ധ്രപ്രദേശില്‍ വികസനം നടക്കുന്നില്ലെന്നും സംസ്ഥാനം കടക്കെണിയിലായെന്നും ശര്‍മിള ആരോപിച്ചു.
‘ഇവിടെ റോഡുകളുണ്ടാക്കാനുള്ള പണമില്ല.സര്‍ക്കാരിന് ആകെ ഒരു നിലപാട് മാത്രമേ ഉള്ളൂ. അത് കക്കുക,മുക്കുക എന്നത് മാത്രമാണ്.’ – ശര്‍മിള പറഞ്ഞു.
മണിപ്പൂരിലെ കൃസ്ത്യന് വിഭാഗത്തിനു നേരെയുള്ള അക്രമങ്ങളില്‍ ജഗന്‍ മോഹന്‍ റെഡ്ഡി മൗനം പാലിക്കുന്നതിനെയും ശര്‍മിള ചോദ്യം ചെയ്തു. തൊഴിലവസരങ്ങള്‍ നല്‍കുന്നതിലും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബി ജെ പി യെ ലക്ഷ്യം വെച്ച് ശര്‍മിള പറഞ്ഞു.
വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും ശര്‍മിള ആവശ്യപ്പെട്ടു. മുന്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് എം ല്‍ എ രാമകൃഷ്ണ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു.