International
ഈജിപ്തില്‍ യൂനുസ്, ഷെരീഫ് കൂടിക്കാഴ്ച; പാക് ബന്ധം ദൃഢപ്പെടുത്താനൊരുങ്ങി ബംഗ്ലാദേശ്
ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ പാക്കിസ്ഥാനുമായി കൂടുതല്‍ അടുക്കുകയാണ് ബംഗ്ലാദേശ്.
കെയ്‌റോ | ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ പാക്കിസ്ഥാനുമായി കൂടുതല്‍ അടുത്ത് ബംഗ്ലാദേശ്. പ്രധാന മന്ത്രി പദത്തില്‍ നിന്ന് നിഷ്‌കാസിതയായ ഷെയ്ഖ് ഹസീനക്ക് ഇന്ത്യ അഭയം കൊടുത്തതാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം തകരാന്‍ ഇടയാക്കിയത്.
പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ബംഗ്ലാദേശ് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് വേര്‍പെട്ട ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഈജിപ്തില്‍ നടക്കുന്ന ഒരു സമ്മേളനത്തിനിടെ പാക് പ്രധാന മന്ത്രി ഷെഹബാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയ യൂനുസ് വ്യക്തമാക്കി.
1971ലെ കടുത്ത ആഭ്യന്തര യുദ്ധകാലത്താണ് ബംഗ്ലാദേശ് പാക്കിസ്ഥാനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാഷ്ട്രമായി തീര്‍ന്നത്. പുതിയ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ബദ്ധശത്രുവായ പാക്കിസ്ഥാനുമായി അടുക്കാനുള്ള നീക്കത്തിലാണ് നിലവിലെ ബംഗ്ലാദേശ് നേതൃത്വം.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് യൂനുസ് ഷെരീഫിനോട് പറഞ്ഞു. യൂനുസുമായി ഊഷ്മളവും സൗഹാര്‍ദപരവുമായ ആശയവിനിമയം നടന്നതായി ഷെരീഫും പറഞ്ഞു. ‘ഉഭയകക്ഷി, ബഹുമുഖ സഹകരണം ദൃഢപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചു.’-ഷെരീഫ് എക്‌സില്‍ കുറിച്ചു. വ്യാപാര, വാണിജ്യ, കായിക, സാംസ്‌കാരിക മേഖലകളിലെല്ലാം സഹകരണം ഉറപ്പാക്കുമെന്ന് യൂനുസിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയും വ്യക്തമാക്കി.