Connect with us

Kasargod

ബഹുജന മുന്നേറ്റമായി സഫറെ സഅദിയ്യ; മൂന്ന് കേന്ദ്രങ്ങളിൽ നിന്ന് ആവേശത്തുടക്കം

ഉത്തര-മധ്യ-ദക്ഷിണ മേഖലകളിലായി 46 സര്‍ക്കിളുകളുടെ ബഹുജന സംഗമങ്ങളാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന സഫറെ സഅദിയ്യയിലൂടെ ജില്ലയില്‍ നടക്കുന്നത്.

Published

|

Last Updated

കാസര്‍കോട്/മഞ്ചേശ്വരം | അടുത്ത മാസം നടക്കുന്ന ജാമിഅ സഅദിയ അറബിയ്യയുടെ 55ാം വാര്‍ഷിക സമ്മേളനം വിളംബരം ചെയ്ത് ജില്ലയുടെ മൂന്ന് മേഖലകളില്‍ നിന്ന് ആരംഭിച്ച സഫറെ സഅദിയക്ക് എങ്ങും ആവേശോജ്ജ്വല സ്വീകരണം. ഉത്തര-മധ്യ-ദക്ഷിണ മേഖലകളിലായി 46 സര്‍ക്കിളുകളുടെ ബഹുജന സംഗമങ്ങളാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന സഫറെ സഅദിയ്യയിലൂടെ ജില്ലയില്‍ നടക്കുന്നത്.

സമുന്നത നേതൃത്വം പ്രവര്‍ത്തകരിലേക്ക് ഇറങ്ങുന്ന സര്‍ക്കിള്‍ പര്യടനം സമ്മേളന പ്രചാരണ രംഗത്ത് പുതിയ അനുഭവമാകും. സമസ്തയുടെ മുന്നേറ്റങ്ങള്‍ക്കൊപ്പം ചുവടുവെച്ച സഅദിയയുടെ അരനൂറ്റാണ്ടിന്റെ ചരിത്രഗാഥകള്‍ പറഞ്ഞും പ്രാസ്ഥാനിക അജന്‍ഡകള്‍ക്ക് ഊര്‍ജം പകര്‍ന്നുമാണ് സംഗമങ്ങള്‍ മുന്നേറുന്നത്. മുമ്പേ നടന്നുപോയ മഹത്തുക്കളെ അനുസ്മരിച്ച് പ്രാര്‍ഥനാ മജ്ലിസോടെയാണ് സമാപിക്കുന്നത്.

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലാ സഫറെ സഅദിയക്ക് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പതാക കൈമാറി. മഞ്ചേശ്വരം മള്ഹറില്‍ നടന്ന സംഗമം സഅദിയ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്തു.

പൊസോട്ട് തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. പ്രഥമ ദിവസം അല്‍ ബിശാറ, കോളിയൂര്‍പദവ്, മിയാപ്പദവ് എന്നിവിടങ്ങളില്‍ സംഗമം നടന്നു. വിവിധ കേന്ദ്രങ്ങളില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൂസല്‍ മദനി തലക്കി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, പാത്തൂര്‍ മുഹമ്മദ് സഖാഫി, മുഹമ്മദ് സഖാഫി തോക്കെ, ഹമീദ് സഖാഫി ബാക്കിമാര്‍, സകരിയ്യാ ഫൈസി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഹസന്‍ സഅദി, അഡ്വ. ഹസന്‍കുഞ്ഞി, ബായാര്‍ സിദ്ദീഖ് സഖാഫി, ശാഫി സഅദി ഷിറിയ, അബ്ദുല്‍ ബാരി സഖാഫി പ്രസംഗിച്ചു.

സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ നയിക്കുന്ന മധ്യമേഖലാ സഫറെ സഅദിയ മധൂര്‍ സര്‍ക്കിളിലെ ചെട്ടുംകുഴി മര്‍കസുസ്സാദയില്‍ നിന്നാണ് തുടങ്ങിയത്. മുന്നോടിയായി നടന്ന മാലിക് ദീനാര്‍ മഖാം സിയാറത്തിന് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഐ സി എഫ് നാഷനല്‍ സെക്രട്ടറി ഹമീദ് പരപ്പ പതാക കൈമാറി. മൂസല്‍ മദനി അധ്യക്ഷത വഹിച്ചു. ആദ്യ ദിവസം പെരിയടുക്ക മദ്‌റസ, കാസര്‍കോട് സമസ്ത സെന്റിനറി ഹാള്‍, ചെറുക്കള ആസാദ് ഹാള്‍ എന്നിവിടങ്ങളില്‍ സംഗമങ്ങള്‍ നടന്നു.

സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, സി എം എ ചേരൂര്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, അഹ്മദ് സഅദി ചെങ്കള, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് ടിപ്പു നഗര്‍, ശംസുദ്ദീന്‍ കോളിയാട്, സിറാജുദ്ദീന്‍ മൗലവി തളങ്കര, അബ്ദുല്‍ ഖാദിര്‍ ഹാജി മാന്യ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി നയിക്കുന്ന ദക്ഷിണ മേഖലാ സഫറെ സഅദിയ കട്ടക്കാല്‍ മദ്‌റസ ഹാളില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. യാത്രാ മുന്നോടിയായി സഅദിയ്യയില്‍ നൂറുല്‍ ഉലമ മഖാം സിയാറത്തിന് ശേഷം സയ്യിദ് ജാഫര്‍ സ്വാദിഖ് മാണിക്കോത്ത് പതാക കൈമാറി. പൂച്ചക്കാട് സുന്നി മദ്‌റസ, കുണിയ താജുല്‍ ഉലമ സെന്റര്‍, തെക്കില്‍ സുന്നി സെന്റര്‍ എന്നിവിടങ്ങളില്‍ ആദ്യ ദിവസം സംഗമം നടന്നു.

മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, അശ്‌റഫ് കരിപ്പോടി, ഹസൈനാര്‍ സഖാഫി കുണിയ, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ഷെറിന്‍ ഉദുമ, അബ്ദുല്‍ അസീസ് സൈനി, അലി പൂച്ചക്കാട്, ഖലീല്‍ മാക്കോട് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

രണ്ടാം ദിന പര്യടനം നാളെ (11, വെള്ളി) ഉച്ചക്ക് നാല് സോണുകളില്‍ നടക്കും. സയ്യിദ് ജലാല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ദക്ഷിണ മേഖലാ പ്രയാണം ഉച്ചക്ക് 2.30ന് കുണ്ടംകുഴി മദ്‌റസയിലും 4.30ന് പടുപ്പ് സുന്നി സെന്ററിലും 6.30ന് പാണത്തൂര്‍ ശുഹദാ സെന്ററിലും നടക്കും.

ഹസന്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ മധ്യമേഖലാ സഫറെ സഅദിയ്യ ഉച്ചക്ക് രണ്ടിന് ബദിയടുക്ക ബാറടുക്ക ദാറുല്‍ ഇഹ്‌സാനില്‍ നിന്ന് തുടങ്ങി മൂന്നിന് ബെളിഞ്ച മഹബ്ബ, നാലിന് പള്ളക്കാനം, അഞ്ചിന് ബദിയടുക്ക ഫത്ഹ് മസ്ജിദ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം നെല്ലിക്കട്ട മുഹിമ്മാത്ത് റാശിദിയ്യയില്‍ സമാപിക്കും.

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലാ പ്രയാണം പുത്തിഗെ മുഹിമ്മാത്തില്‍ നിന്ന് ഉച്ചക്ക് 2.30ന് തുടങ്ങും. 4.30ന് ശാന്തിപ്പള്ളത്തും 6.30ന് ശിബിലിയിലും ബഹുജന സംഗമങ്ങള്‍ നടക്കും. മറ്റന്നാള്‍ (12, ശനി) ഉപ്പള, മുള്ളേരിയ, കാഞ്ഞങ്ങാട് സോണുകളിലാണ് പര്യടനം. ഞായറാഴ്ച തൃക്കരിപ്പൂര്‍ സോണിലെ ആറ് സര്‍ക്കിള്‍ പര്യടനം പൂര്‍ത്തിയാക്കി രാത്രി 6.30ന് നീലമ്പാറ മദ്‌റസയില്‍ സമാപിക്കും.

 

Latest