Connect with us

Kerala

സകാത്ത് ധനം മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിച്ചു

സ്ഥിരീകരണവുമായി ജമാഅത്ത് മുന്‍ ശൂറാ അംഗം

Published

|

Last Updated

കോഴിക്കോട് | സകാത്ത് ധനം മാധ്യമം, മീഡിയവണ്‍ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന് ആവര്‍ത്തിച്ച് ജമാഅത്തെ ഇസ്ലാമി മുന്‍ ശൂറാ അംഗം ഖാലിദ് മൂസ നദ്വി. സകാത്ത് ഇനത്തില്‍ പെട്ട ധനം പല വ്യക്തികളില്‍ നിന്ന് ഈ ആവശ്യങ്ങള്‍ക്ക് വേണ്ടി വാങ്ങി ഉപയോഗിച്ചിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ ശാക്തീകരണത്തിന് സകാത്ത് പണം ഉപയോഗപ്പെടുത്താം എന്നതില്‍ സംശയമില്ല. ശുദ്ധ പണം കൊണ്ട് നിലവില്‍ വന്ന സ്ഥാപനം സാമ്പത്തിക രംഗത്ത് കെടുകാര്യസ്ഥത കാണിക്കരുതെന്നാണ് താന്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തുസ്സകാത്ത് പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം സിറാജ് പ്രസിദ്ധീകരിച്ച വാര്‍ത്തയോടുള്ള പ്രതികരണമായാണ് ഖാലിദ് മൂസയുടെ പോസ്റ്റ്. ബൈത്തുസ്സകാത്ത് പദ്ധതി മഹത്തായ സംരംഭമാണെന്നും അദ്ദേഹം വിശദീകരിച്ചു. വ്യക്തികളുടെ സകാത്ത് പരമ ദരിദ്രര്‍, സാധുക്കള്‍, ഇസ്ലാമിക ഭരണാധികാരിക്ക് കീഴില്‍ സകാത്തിന് സേവനം ചെയ്യുന്ന ആള്‍, പുതു മുസ്ലിം, മോചനപത്രം എഴുതപ്പെട്ട അടിമ, കട ബാധിതര്‍, ഇസ്ലാമിക ഗവണ്‍മെന്റിന് കീഴില്‍ ശമ്പളമില്ലാതെ സൈനിക സേവനം ചെയ്യുന്ന ആള്‍, വഴിയാത്രക്കാര്‍ എന്നീ എട്ട് വിഭാഗങ്ങള്‍ക്ക് നല്‍കണമെന്നാണ് നിയമം. ഈ കൂട്ടത്തില്‍ മാധ്യമം, മീഡിയവണ്‍ സ്ഥാപനങ്ങളെ കൂടി ജമാഅത്ത് നേതാവ് എണ്ണുന്നതാണ് ഏറെ വിവാദം.

കൂടാതെ, ജമാഅത്തെ ഇസ്ലാമിയുടെ സംഘടിത സകാത്ത് രൂപമായ ബൈത്തുസ്സകാത്തിനെ മുഖ്യധാരാ മുസ്ലിം സമൂഹം അംഗീകരിക്കുന്നില്ല. ഇസ്ലാമിക ഭരണകൂടം ഇല്ലാത്ത സ്ഥലങ്ങളില്‍ കൊടുത്തുവീട്ടേണ്ട സകാത്ത് ധനം ഓരോരുത്തരും അവകാശികളെ കണ്ടെത്തി നേരിട്ട് നല്‍കണമെന്ന പണ്ഡിത നിര്‍ദേശത്തിന് വിരുദ്ധമാണ് ഈ സംഘടിത രൂപമെന്നാണ് വിമര്‍ശം. ബൈത്തുസ്സകാത്ത് വിവാദമായതോടെ ഖാലിദ് മൂസ നദ്വി ജമാഅത്ത് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് നേരത്തേ പുറത്തുവിട്ട ഓഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മാധ്യമ ജിഹാദ് എന്ന രീതിയിലാണ് മാധ്യമം, മീഡിയ വണ്‍ സ്ഥാപനങ്ങളെ ആവിഷ്‌കരിച്ചത്. ദീനിയ്യായ താത്പര്യങ്ങളുണര്‍ത്തിക്കൊണ്ട് ജനങ്ങളില്‍ നിന്ന് സ്വദഖകകളേയും സകാത്തുകളേയും വഖ്ഫുകളേയും അടിസ്ഥാനപ്പെടുത്തി സമാഹരിക്കപ്പെട്ട മൂലധനത്താല്‍ നിലവില്‍ വന്ന മാധ്യമ സ്ഥാപനമാണിത്. ഒരു സാധാരണ മാധ്യമ സ്ഥാപനം നിലവില്‍ വരുന്നത് പോലെയല്ല അത്. ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീര്‍ കെ സി അബ്ദുല്ല മൗലവിയെയാണ് ഈ ദിനപത്രത്തിന്റെ സ്ഥാപകനായി നാം പരിചയപ്പെടുത്താറുള്ളത്. ജനങ്ങള്‍ക്കിടയില്‍ മാധ്യമത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താന്‍ വേണ്ടി മുഅ്ജിസത്തിനോട്, മൂസാ നബിയുടെ വടിയോട് അതിനെ ഉപമിച്ച നിരവധി പ്രഭാഷണങ്ങള്‍ ഞാന്‍ ശ്രവിച്ചിട്ടുണ്ടെന്നാണ് നദ്വിയുടെ ഓഡിയോയിലെ പ്രസക്ത ഭാഗം.

അതേസമയം, മുഖ്യധാരാ മുസ്ലിംകള്‍ പൂര്‍ണമായും തിരസ്‌കരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തുസ്സകാത്ത് പദ്ധതിയുടെ പ്രചാരകരായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്തെത്തിയത് കൂടുതല്‍ വിവാദമായിട്ടുണ്ട്. ബൈത്തുസ്സകാത്തുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് മുനവ്വറലി തങ്ങള്‍ പുറത്തിറക്കിയ ഫേസ്ബുക്ക് വീഡിയോ ഏറെ വിമര്‍ശവിധേയമായതിന് പിന്നാലെ പല ഫേസ്ബുക്ക് വാളുകളില്‍ നിന്നും ഈ വീഡിയോ അപ്രത്യക്ഷമായി ത്തുടങ്ങി. ബൈത്തുസ്സസകാത്തിനെതിരെ ഇ കെ വിഭാഗം മുഖപത്രവും രംഗത്തെത്തിയിട്ടുണ്ട്.

 

Latest